'ഇപ്പോൾ മുതൽ ബി.ജെ.പിക്കും ആർ.എസ്.എസിനുമൊപ്പം'- ശിവസേനക്കാർ ആക്രമിച്ച മുൻ നേവി ഉദ്യോഗസ്ഥൻ
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമർശിക്കുന്ന കാർട്ടൂൺ പങ്കുവെച്ചതിന് ശിവസേന പ്രവർത്തകർ ക്രൂരമായി മർദിച്ച മുൻനേവി ഉദ്യോഗസ്ഥൻ മദന്‍ ശര്‍മ്മ ഇനി താൻ ബി.ജെ.പിക്കും ആർ.എസ്.എസിനുമൊപ്പമാണെന്ന് പ്രഖ്യാപിച്ചു.
'ഇപ്പോൾ മുതൽ ഞാൻ ബി.ജെ.പിക്കും ആർ.എസ്.എസിനുമൊപ്പമാണ്. എന്നെ ആക്രമിച്ച വേളയിൽ തന്നെ ഞാൻ ബി.ജെ.പിക്കൊപ്പമാണെന്നായിരുന്നു അവരുടെ ആരോപണം. എന്നാൽ, ഇപ്പോൾ ഞാൻ ബി.ജെ.പിക്കും ആർ.എസ്.എസിനുമൊപ്പമാെണന്ന് പ്രഖ്യാപിക്കുന്നു'- സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപെടുത്തണമെന്നാവശ്യപ്പെട്ട് ഗവർണർ ഭഗത് സിങ് കോഷിയാരിയെ കണ്ട ശേഷം അദ്ദേഹം പ്രതികരിച്ചു.
'സംഭവത്തെക്കുറിച്ച് ഗവർണറോട് വിശദീകരിച്ചു. എന്നെ ആക്രമിച്ച പ്രതികൾക്കെതിരെ ചാർത്തിയ കുറ്റങ്ങൾ അനുയോജ്യമല്ല. ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതാണ്. സർക്കാർ പിരിച്ചുവിട്ട് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപെടുത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടു'-65 കാരൻ മാധ്യമങ്ങളോട് പറഞ്ഞു.
മദന്‍ ശര്‍മ്മയെ ശിവസേന പ്രവർത്തകർ കണ്ഡിവാലിയിലെ താമസസ്ഥലത്തെത്തി മർദിക്കുകയായിരുന്നു. ഇയാളുടെ പരാതിയിൽ പ്രാദേശിക നേതാവ് കമലേഷ് ശർമ്മയടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സേനയുടെ ശാഖാ പ്രമുഖിലൊരാളാണ് മുംബൈ പൊലീസിന്‍റെ പിടിയിലായിരിന്നത്. ഇവർ ശനിയാഴ്ച ജാമ്യം നേടി.
ഉദ്ധവ് താക്കറെയുടെ ഒരു കാർട്ടൂൺ റെസിഡൻഷ്യൽ സൊസൈറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചതിനാണ് മദന്‍ ശര്‍മ്മയെ സേനാപ്രവർത്തകർ ക്രൂരമായി മർദിച്ചത്. വാട്ട്സ് ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ കമലേഷ് ശർമ്മ ഇയാളെ വിളിച്ച് താമസ സ്ഥലവും വിലാസവും ചോദിച്ചറിഞ്ഞു.
ശേഷം പ്രവർത്തകർ സംഘം ചേർന്ന് കണ്ഡിവാലിയിലുള്ള ലോഖണ്ഡ്വാല കോംപ്ലക്സിലെ മദൻ ശർമയുടെ താമസസ്ഥലത്തെത്തി വിളിച്ചിറക്കി മർദിക്കുകയായിരുന്നു . വെള്ളിയാഴ്ച രാവിലെ 11.30ഓടെ നടന്ന അക്രമ സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.