ഡൽഹിയിൽ വൈദ്യുതി സബ്സിഡി ഇനി ആവശ്യക്കാർക്ക് മാത്രം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വൈദ്യുതി സബ്സിഡി ഇനി ആവശ്യപ്പെടുന്നവർക്ക് മാത്രമേ അനുവദിക്കുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒക്ടോബർ ഒന്നു മുതൽ തീരുമാനം നടപ്പാക്കും. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്.
ഡൽഹി സർക്കാർ സബ്സിഡി അനുവദിക്കുന്നതിനാൽ നിരവധി പേർക്ക് വൈദ്യുതി സൗജന്യമായാണ് ലഭിക്കുന്നത്. സൗജന്യമായി വൈദ്യുതി നൽകുന്നത് വളരെ നല്ല കാര്യമാണെന്ന് സൂചിപ്പിക്കുന്ന നിരവധി കത്തുകളാണ് എനിക്ക് ഓരോ ദിവസവും ലഭിക്കുന്നത്. എന്നാൽ, സാമ്പത്തികശേഷിയുള്ളതിനാൽ പലർക്കും സൗജന്യ സബ്സിഡിയും സൗജന്യ വൈദ്യുതിയും ആവശ്യമില്ലെന്നും പറയുന്നു. ആശുപത്രികളും സ്കൂളുകളും നിർമിക്കാൻ ഈ പണം ഉപയോഗിക്കണമെന്നാണ് അവർ പറയുന്നതെന്നും കെജ്രിവാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അതിനാലാണ് ജനങ്ങൾക്ക് ഓപ്ഷൻ നൽകാമെന്ന് മന്ത്രിസഭ തീരുമാനിച്ചത്. ഉപഭോക്താക്കളോട് വൈദ്യുതി സബ്സിഡി ആവശ്യമുണ്ടോ എന്ന് ചോദിക്കും. വേണം എന്ന് പറയുന്നവർക്ക് മാത്രമേ തുടർന്ന് സബ്സിഡി അനുവദിക്കു. ഒക്ടോബർ ഒന്നു മുതൽ ആവശ്യക്കാർക്ക് മാത്രമായി സബ്സിഡി ചുരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യം വലിയ ഊർജപ്രതിസന്ധി നേരിടുന്ന സമയത്താണ് ഡൽഹി സർക്കാർ സൗജന്യ വൈദ്യുതി സബ്സിഡിയിൽ പുനരാലോചന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.