വെള്ള ടീ ഷർട്ടിൽനിന്ന് ഫെറാനിലേക്ക്; ചർച്ചയായി വേഷവും
text_fieldsശ്രീനഗർ: ഭാരത് ജോഡോ യാത്ര മാത്രമല്ല രാഹുൽ ഗാന്ധിയുടെ വേഷംവരെ ഏറെ ചർച്ചയായി. ഉത്തരേന്ത്യയിലെ അതിശൈത്യത്തിൽ വെളുത്ത ടീഷർട്ട് മാത്രം ധരിച്ച് തണുപ്പിനെ വകവെക്കാതെ ഭാരത് ജോഡോ യാത്രക്ക് തുടക്കംകുറിച്ചത് ചർച്ചകളിൽ നിറഞ്ഞിരുന്നു.
യാത്രയുടെ സമാപനദിനമായ തിങ്കളാഴ്ച വെളുത്ത ടീഷർട്ടിൽനിന്ന് നീണ്ട മേലങ്കിയായ ഫെറാനിലേക്ക് മാറിയതും ചർച്ചക്ക് വിഷയമായി. കശ്മീരിലെ കൊടുംതണുപ്പിനെ തളക്കാനാണ് രാഹുൽ ഫെറാൻ ധരിച്ചത്.
കശ്മീർ താഴ്വര ഭൂരിഭാഗവും മഞ്ഞിൽ മൂടിയപ്പോൾ മുൻ കോൺഗ്രസ് അധ്യക്ഷൻ സ്വന്തം അടയാളമായ വെള്ള ടീ ഷർട്ടിന് മുകളിൽ മുറിക്കൈയൻ മേൽക്കുപ്പായവും പിന്നീട് കശ്മീരികളുടെ പരമ്പരാഗത വസ്ത്രമായ ഫെറാനും അണിഞ്ഞു. സമാപന ചടങ്ങിനായി രാഹുൽ വന്നത് ചാരനിറത്തിലുള്ള മേലങ്കി ധരിച്ചാണ്.
ചരിത്രത്തിന്റെ ഭാഗമായ ഫെറാൻ മുഗൾ ചക്രവർത്തി അക്ബറാണ് കശ്മീരിന് പരിചയപ്പെടുത്തുന്നത്. യാത്ര ഡൽഹിയിൽ കടന്നപ്പോഴാണ് രാഹുലിന്റെ വെള്ള ടീ ഷർട്ട് ശ്രദ്ധനേടുന്നത്. എതിരാളികൾ വിമർശനവുമായി കൂടെ കൂടി. എന്നാൽ, അനുയായികൾ അദ്ദേഹത്തിന്റെ സഹാനുഭൂതിയെ പ്രശംസിച്ചു.
മധ്യപ്രദേശിൽ കീറിയ വസ്ത്രം ധരിച്ച് തണുപ്പിൽ വിറക്കുന്ന മൂന്ന് ദരിദ്ര പെൺകുട്ടികളെ കണ്ടതിന് ശേഷമാണ് ടി ഷർട്ട് മാത്രം അണിയാൻ തീരുമാനിച്ചതെന്ന് രാഹുൽ കാരണം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.