ട്രാക്ടറിൽ നിന്ന് തമ്പുകളിലേക്ക്; സിംഘുവിൽ ദീർഘകാലവാസത്തിന് ഒരുങ്ങി കർഷക പ്രക്ഷോഭകർ
text_fieldsഡൽഹിയെ പാകിസ്താനിലെ ലാഹോറുമായും പെഷാവറുമായും അങ്ങകലെ അഫ്ഗാനിസ്താനിലെ ജലാലാബാദുമായും വരെ ബന്ധിപ്പിച്ച് ഷേർഷാ സൂരി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ റോഡായ ഗ്രാൻറ് ട്രങ്ക് റോഡിൽ നിരന്നു കിടക്കുന്ന വാഹനങ്ങൾക്കിടയിൽ തമ്പുകളുയരുകയാണ്.
നിരവധി പടയോട്ടങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രമുള്ള ഇൗ റോഡിൽ ഒന്നും രണ്ടും പേർക്ക് താമസിക്കാവുന്ന എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന കൊച്ചു തമ്പുകൾ മുതൽ നടുറോഡിൽ ഇരുമ്പുകാലുകൾ സ്ഥാപിച്ചുറപ്പിച്ച കൂറ്റൻ തമ്പുകൾ വരെ ഉയർന്നുകഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർഷകരെ വിളിച്ച് നടത്തിയ ചർച്ച പരാജയപ്പെടുകയും സർക്കാർനിലപാട് മാറ്റാതെ ഇനിയൊരു ചർച്ച വേണ്ടെന്ന് വെക്കുകയും ചെയ്തതിനു പിറ്റേന്ന് കൂടുതൽ തമ്പുകളും പന്തലുകളുമുയർത്തുന്ന തിരക്കിലാണ് കർഷകർ.
വിവാദ നിയമങ്ങൾ മാറ്റുന്നതുവരെ അതിർത്തിയിൽ തന്നെ തമ്പടിക്കാൻ തീരുമാനിച്ചാണ് പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും ട്രാക്ടറുകൾ 'കാരവനു'കളാക്കി അതിർത്തിയിലെ സമരത്തിനെത്തിയ കർഷകർ സമരം നീളുമെന്ന് കണ്ടതോടെ ദീർഘകാല താമസത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ പഞ്ചാബിൽനിന്നുള്ള മാധ്യമപ്രവർത്തകർപോലും താമസിക്കുന്നതും കെട്ടിയുയർത്തിയ തമ്പുകളിലും പന്തലുകളിലുമാണ്. നടുറോഡിൽ താൽക്കാലികമായി കെട്ടിയുയർത്തിയിരുന്ന സമരവേദിയുടെ സ്ഥാനത്ത് കൂറ്റൻ സ്റ്റേജ് വന്നു കഴിഞ്ഞു.
വളൻറിയർമാർക്കും സേവനത്തിനായി വരുന്ന വിവിധ സംഘടനകൾക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള പന്തലുകളുമുയർന്നതോടെ സിംഘു പതിനായിരങ്ങൾ സംഗമിക്കുന്ന സമര നഗരിയായി മാറിയിരിക്കുന്നു. സിംഘുവിനെ നഗരിയാക്കി കർഷകരുടെ ദീർഘകാലവാസത്തിനുള്ള ഒരുക്കങ്ങൾ കണ്ട ഡൽഹി സർക്കാർ 150ഓളം ടോയ്ലറ്റുകൾ കൊണ്ടു വന്ന് സ്ഥാപിച്ചിട്ടുണ്ട്.
അഞ്ച് ടോയ്ലറ്റുകളടങ്ങുന്ന പോർട്ടബിൾ യൂനിറ്റുകൾ മുപ്പതോളമുണ്ട്. പൊലീസ് ബാരിക്കേഡ് മുതൽ സമരവേദി വരെ ഗ്രാൻറ് ട്രങ്ക് റോഡിലുണ്ട്. പഞ്ചാബിൽനിന്നു കർഷകർക്ക് ഡൽഹി സർക്കാറിെൻറ അഭിവാദ്യങ്ങളർപ്പിക്കുന്ന കെജ്രിവാളിെൻറ ചിത്രങ്ങളുള്ള ബാനറുകേളാടെയാണ് ടോയ്ലറ്റുകൾ.
കൈയും വീശി വരുന്നവർക്കും ലങ്കറുകൾ ഇടതടവില്ലാതെ വിളമ്പുന്ന ഭക്ഷണങ്ങൾക്കു പുറമെ സമരസ്ഥലത്ത് രാപ്പാർക്കുന്നവർക്കുള്ള ടൂത്ത് ബ്രഷ് മുതൽ തണുപ്പുമാറ്റുന്നതിനുള്ള സോക്സും മഫ്ലറും കമ്പിളിപ്പുതപ്പും വരെ സന്നദ്ധ സംഘടനകളും വ്യക്തികളും വിതരണം ചെയ്യുന്നുണ്ട്.
ഡൽഹി അതിർത്തിയിൽ നടുറോഡിൽ സമരം ചെയ്യുന്ന തങ്ങളുടെ സഹോദരങ്ങൾക്ക് കൊടുക്കാെനന്തെങ്കിലും കൈയിൽ കരുതിയല്ലാതെ പഞ്ചാബിൽനിന്നുള്ളവർ സമരത്തിന് വരുന്നില്ല. വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെയാണ്, ഒരു നഗരം കൊണ്ടുനടക്കുന്ന പോലെയാണിപ്പോൾ പഞ്ചാബി കർഷകർ സിംഘുവിനെ പരിപാലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.