പത്രത്താളുകളിൽ ഭക്ഷണം പൊതിയരുത്! കർശന മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; കാരണം ഇതാണ്...
text_fields
ന്യൂഡൽഹി: പത്രങ്ങളിൽ ഭക്ഷണ പദാർഥങ്ങൾ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) മുന്നറിയിപ്പ് നൽകി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി. കമല വർധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിർത്താൻ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകൾ ആരോഗ്യപരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് കമല വർധന റാവു പറഞ്ഞു.
അച്ചടി മഷികളിൽ ലെഡ്, ഹെവി ലോഹങ്ങൾ എന്നിവയുൾപ്പെടെയുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തിൽ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വട പാവ്, ബേക്കറി വസ്തുക്കൾ അടക്കം ആഹാര സാധനങ്ങൾ പത്രങ്ങളിൽ പൊതിഞ്ഞു നൽകുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാർക്കും മറ്റും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.
അച്ചടി മഷി ഹാനികരമായതിനാൽ ഉപഭോക്താക്കൾക്ക് വിൽക്കുമ്പോൾ ഭക്ഷണസാധനങ്ങൾ പത്രങ്ങളിൽ പൊതിഞ്ഞ് നൽകരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകർക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.