ഒരാഴ്ചയായി ഇന്ധന വില വർധനയില്ല; കാരണം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പോ?
text_fieldsന്യൂഡൽഹി: രാജ്യത്ത് അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ധനവില വർധനവിലും കേന്ദ്രത്തിന്‍റെ ഇടപെടൽ. ജനുവരി മുതൽ തുടർച്ചയായി രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താൽകാലികമായി വില വർധന നിർത്തിവെച്ചിരിക്കുകയാണെന്നാണ് വിവരം.
കേന്ദ്രത്തിന്‍റെ ഇടപെടൽ മൂലം താൽകാലികമായി വിലവർധന മരവിപ്പിച്ചിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് െചയ്യുന്നു. 2018ൽ കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില 55 മാസത്തെ ഉയർന്ന നിരക്കിലായിരുന്നു. എന്നാൽ ഏപ്രിൽ 24 മുതൽ മേയ് 13 വരെ ഇന്ധനവില വർധന താൽക്കാലികമായി നിർത്തിവെച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടുദിവസത്തിന് ശേഷം വീണ്ടും രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുകയായിരുന്നു. കർണാടകയിൽ തെരഞ്ഞെടുപ്പ് വിഷയമായി ഇന്ധനവില വർധന ഉയർത്തികൊണ്ടുവരാതിരിക്കാനുള്ള നീക്കമായി ഇതിനെ വിലയിരുത്തുന്നു.
2018ലേതിന് സമാനമായി നിലവിൽ മാസങ്ങളായി തുടരുന്ന വിലവർധന ഒരാഴ്ചയായി മരവിപ്പിച്ചിരിക്കുകയാണ് എണ്ണക്കമ്പനികൾ. എന്നാൽ കേന്ദ്രത്തിന്‍റെ ഇടപെടൽ മൂലമാണ് വില വർധന മരവിപ്പിച്ചിരിക്കുന്നതെന്ന വാദം എണ്ണക്കമ്പനികൾ നിഷേധിച്ചു. പൊതു താൽപര്യം കണക്കിെലടുത്താണ് വില വർധിപ്പിക്കാത്തതെന്നാണ് അവരുടെ പ്രതികരണം.
രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 കടന്നിരുന്നു. ഉയർന്ന വാറ്റ് നിരക്കാണ് പ്രധാന കാരണം. ലിറ്ററിന് 80 രൂപക്ക് മുകളിലാണ് ഡീസലിന്‍റെ വില. ഇതോടെ ഗതാഗത, കുടുംബ, കാർഷിക ചെലവുകൾ കുത്തനെ ഉയർന്നിരുന്നു.
കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ സമ്പദ്വ്യവസ്ഥ നിശ്ചലമായതോടെ കേന്ദ്രസർക്കാർ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ രണ്ടുതവണ കുത്തനെ ഉയർത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ വില ഉയരുന്നതാണ് എണ്ണവില വർധിക്കാൻ കാരണമെന്നായിരുന്നു വാദം. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും രാജ്യത്തെ എണ്ണവില വർധനവിൽ മാറ്റമുണ്ടായിരുന്നില്ല.
അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേന്ദ്രം വിലക്കയറ്റം പിടിച്ചുനിർത്താൻ പെട്രോൾ, ഡീസൽ നികുതി കുറക്കാൻ നീക്കം നടത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമാണെന്ന വിമർശനം അന്നേ ഉയർന്നിരുന്നു.
പശ്ചിമ ബംഗാൾ, അസം, കേരള, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലേക്കാണ് നിയമസഭ തെരഞ്ഞെടുപ്പ്. മാർച്ച് 27ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കും. മേയ് രണ്ടിനാണ് വോട്ടെണ്ണൽ. രാജ്യത്തെ കുതിച്ചുയരുന്ന ഇന്ധനവിലയാണ് അഞ്ചു സംസ്ഥാനങ്ങളിലെയും പ്രധാന തെരഞ്ഞെടുപ്പ് വിഷയം. വിലവർധന കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.