ജഗദീഷ് ഷെട്ടാറിന് ലിംഗായത്ത് സമുദായത്തിന്റെ പൂർണ പിന്തുണ
text_fieldsബംഗളൂരു: ഹുബ്ബള്ളി-ധാർവാർഡ് സെൻട്രൽ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന ജഗദീഷ് ഷെട്ടാറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് സമുദായം. ബി.ജെ.പി മുൻ മുഖ്യമന്ത്രിയും സിറ്റിങ് എം.എൽ.എയുമായ ജഗദീഷ് ഷെട്ടാർ പാർട്ടി വിട്ട് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നതോടെയാണ് മണ്ഡലം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയത്. ആറുതവണ എം.എൽ.എയായ ഷെട്ടാർ കൂടുമാറിയത് കനത്ത പ്രതിരോധത്തിലായ ബി.ജെ.പി അദ്ദേഹത്തിന്റെ തോൽവിക്കായി കിണഞ്ഞു ശ്രമിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് സമുദായ നേതാവായ ഷെട്ടാറിന് ലിംഗായത്ത് നേതാക്കൾ പൂർണ പിന്തുണ അറിയിച്ചത്. കോൺഗ്രസ് നേതാവ് ബംഗരേഷ ഹിരേമതിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഷെട്ടാറിനെ വിജയിപ്പിക്കുമെന്ന് നേതാക്കൾ കൈയുയർത്തി യോഗത്തിൽ പ്രതിജ്ഞ ചെയ്തു. ബി.ജെ.പിയിൽ ഷെട്ടാർ അവഹേളനം നേരിട്ട കാര്യം ഇവർ എടുത്തുപറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാന സർക്കാറിൽ ഷെട്ടാറിന് വീണ്ടും സുപ്രധാന സ്ഥാനം കിട്ടാനുള്ള സാധ്യതയുണ്ടെന്ന് ബംഗരേഷ ഹിരേമത് അറിയിച്ചു. ബപ്പു ഗൗഡ പട്ടില, ശിവപുത്രപ്പ കംതര, മല്ലികാർജുന സവാക തുടങ്ങിയ നേതാക്കൾ യോഗത്തിനെത്തി.
നിലകാന്ത അസൂറ്റി, പ്രഫ. ഐ.ജി. സനാദി, അനിൽകുമാർ പാട്ടീൽ എന്നീ മറ്റ് സമുദായ നേതാക്കളും പിന്തുണ അറിയിച്ചു. ബി.ജെ.പി ഭീഷണി വകവെക്കാതെ ഷെട്ടാറിന്റെ വിജയത്തിനായി ഒരുമിച്ച് രംഗത്തിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു.
70,000 ലിംഗായത്തുകളും 30,000 മുസ്ലിംകളും 36,000 പട്ടിക ജാതി-പട്ടിക വർഗക്കാരും 14,000 ക്രൈസ്തവരുമാണ് മണ്ഡലത്തിലുള്ളത്. ലിംഗായത്തുകളുടെ ശക്തികേന്ദ്രമാണ് ഹുബ്ബള്ളി. മഹേഷ് തെങ്കിനകയാണ് ബി.ജെ.പി സ്ഥാനാർഥി.കഴിഞ്ഞ തവണ 10,754 വോട്ടുനേടിയ ജെ.ഡി.എസിനായി സിദ്ധ ലിംഗേഷ് ഗൗഡയും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.