ഫണ്ട് തിരിമറി: പൊലീസ് അന്വേഷണത്തിനിടെ ഇ.ഡി.റെയ്ഡ്; വിമർശനവുമായി ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: മുൻ മന്ത്രി ബി. നാഗേന്ദ്ര, പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനും കോൺഗ്രസ് എം.എൽ.എയുമായ ബസനഗൗഡ ദഡ്ഡൽ എന്നിവരുടെ വീടുകളിൽ വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി.
187 കോടിയുടെ അനധികൃത ഫണ്ട് തിരിമറി കേസിലാണ് റെയ്ഡ്. ഇരു നേതാക്കളെയും കഴിഞ്ഞ ദിവസം പൊലീസ് പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു.
കർണാടകയിലെ 20 ഇടങ്ങളിലും ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലുമായാണ് ഇ.ഡി തിരച്ചൽ നടത്തിയത്. അതേസമയം, ഏത് നടപടിക്രമം അനുസരിച്ചാണ് ഇ.ഡി അന്വേഷണവും റെയ്ഡും നടത്തിയതെന്ന് മനസ്സിലാവുന്നില്ലെന്ന് കർണാടക ഉപ മുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ പ്രതികരിച്ചു. ഈ കേസിന്റെ സത്യാവസ്ഥ തങ്ങൾക്ക് അറിയാം.
പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണവുമായി മുന്നോട്ടു പോവുകയാണ്. തിരിമറി നടത്തിയ ഫണ്ട് തിരിച്ചു പിടിച്ചിട്ടുള്ളതാണ്. ഈ അന്വേഷണം തൃപ്തികരമല്ലെങ്കിൽ സി.ബി.ഐ ഉണ്ടല്ലോ. ഒരു പരാതിയും ഇല്ലാതെ ഇ.ഡിയുടെ അന്വേഷണം, റെയ്ഡ് എന്നിവ ശരിയായ രീതിയല്ലെന്ന് ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.