യുക്രെയ്ൻ വിദ്യാർഥികളുടെ തുടർപഠനം: വെബ് പോർട്ടൽ തയാറാക്കണം -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: യുക്രെയ്നിൽനിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർഥികളുടെ തുടർപഠനത്തിന് വിദേശ സർവകലാശാലകളിലെ പ്രവേശനം സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ച വെബ് പോർട്ടൽ തയാറാക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നിർദേശം.
പ്രവേശനം ലഭിക്കാവുന്ന വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളുടെ പേരുകള്‍, ഒഴിവുള്ള സീറ്റുകള്‍, ഫീസ് തുടങ്ങിയ പൂർണവിവരങ്ങള്‍ വെബ് പോർട്ടലിൽ ലഭ്യമാവണമെന്ന് തുടർപഠനവുമായി ബന്ധപ്പെട്ട് യുക്രെയ്നിൽനിന്ന് മടങ്ങിയ വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശം നൽകി.
മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് 'അക്കാദമിക് മൊബിലിറ്റി പ്രോഗ്രാ'മിന്‍റെ ഭാഗമായി ഇന്ത്യ ഒഴികെ 29 രാജ്യങ്ങളിൽ പഠനം തുടരാമെന്ന് വിശദീകരിച്ച് ദേശീയ മെഡിക്കൽ കമീഷൻ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
ഇക്കാര്യം കോടതിയെ അറിയിച്ച സോളിസിറ്റർ ജനറൽ, വിദ്യാർഥികളുടെ പ്രവേശനത്തിന് കേന്ദ്ര സര്‍ക്കാര്‍ മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ലെയ്സണ്‍ ഓഫിസറെ നിയമിച്ചതായും ബോധിപ്പിച്ചു. കോടതി നൽകിയ നിർദേശം സർക്കാറിനെ അറിയിക്കാമെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
തുടർന്ന് പ്രവേശനം സുതാര്യമാക്കാൻ പോർട്ടൽ സ്ഥാപിക്കാൻ നിർദേശിച്ച കോടതി, കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 23ലേക്ക് മാറ്റി. യുക്രെയ്നിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥികളെ 'യുദ്ധ ഇരകളാ'യി പ്രഖ്യാപിക്കണമെന്നും അവർക്ക് കൂടുതൽ സഹായം അനുവദിക്കണമെന്നും ഹരജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
മറ്റു വിദേശ രാജ്യങ്ങളിൽ പഠിക്കാൻ ചട്ടത്തിൽ ഭേദഗതി വരുത്തിയ കേന്ദ്രം എന്തുകൊണ്ട് ഇന്ത്യയിൽ അവസരം നൽകുന്നില്ലെന്നും അഭിഭാഷകൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.