'നിരാശ; ആദ്യ അർബൻ നക്സൽ കേസിൽ മാനംകാക്കാൻ സർക്കാർ അപ്പീൽ നൽകുമെന്ന് അറിയാമായിരുന്നു'
text_fieldsമുംബൈ: മാവോവാദി കേസിൽ പ്രഫ. ജി.എൻ. സായിബാബ അടക്കം അഞ്ചുപേരെ ബോംബെ ഹൈകോടതി വെറുതെ വിട്ട ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചതിൽ നിരാശ പ്രകടിപ്പിച്ച് ബന്ധുക്കൾ.
സായിബാബക്കൊപ്പം നാഗ്പുർ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ പ്രശാന്ത് രാഹിയുടെ മകൾ ശിഖ രാഹിയാണ് നിരാശ പ്രകടിപ്പിച്ചത്. 'അർബൻ നക്സൽ' എന്ന് സർക്കാർ വിളിച്ച ആദ്യ കേസാണിത്. 2017ൽ ഇവരെ ശിക്ഷിച്ചത് സർക്കാറിന് അഭിമാനമായിരുന്നു.
അതുകൊണ്ട്, ഹൈകോടതിയിൽ ഞങ്ങൾക്ക് നീതി ലഭിച്ചാൽ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് അറിയാമായിരുന്നു. പിതാവ് അടക്കമുള്ളവർക്ക് പ്രോസിക്യൂഷൻ ചാർത്തി നൽകിയ നിറം നീതിന്യായ വ്യവസ്ഥയെയും ബാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കീഴ്കോടതി വിധിക്കെതിരായ അപ്പീലിൽ, പ്രോസിക്യൂഷൻ ആരോപണങ്ങൾക്കെതിരായ വാദങ്ങളെ അവഗണിച്ച് സാങ്കേതിക വീഴ്ചകളിൽ മാത്രമൂന്നി ഹൈകോടതി നാഗ്പുർ ബെഞ്ച് വിധിപറയുമെന്നും പ്രതീക്ഷിച്ചിരുന്നില്ല.
പ്രോസിക്യൂഷൻ തെളിവുകളിലെ പൊരുത്തക്കേട്, ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്തതിലെ ക്രമക്കേട് ഇവയെ കുറിച്ചെല്ലാം ഇരുപക്ഷവും വാദപ്രതിവാദങ്ങളുന്നയിച്ചതാണ്. എന്നാൽ, അതൊന്നും പരിഗണിക്കാതെ യു.എ.പി.എ ചുമത്തിയതിലെ വീഴ്ച മാത്രമാണ് ഹൈകോടതി പരിഗണിച്ചത് -ശിഖ രാഹി പറഞ്ഞു. ഗുരുതരമായ കേസിൽ അതിന്റെ യോഗ്യത പരിഗണിക്കാതെ സാങ്കേതിക വീഴ്ചയിലേക്ക് കുറുക്കുവഴി തേടിയെന്ന് പറഞ്ഞാണ് ഹൈകോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.