പെരുമാറ്റച്ചട്ടം നിലവിൽവരുംവരെ പാർട്ടിയിൽ പുനഃസംഘടനക്ക് തടസ്സമില്ല -ജി. പരമേശ്വര
text_fieldsതിരുവനന്തപുരം: കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവിൽവരുന്ന ഏപ്രിൽവരെ പാർട്ടിയിൽ പുനഃസംഘടന നടത്തുന്നതിന് തടസ്സമില്ലെന്ന് മുഖ്യവരണാധികാരിയും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര. സംസ്ഥാന കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചക്കുശേഷം കെ.പി.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനഃസംഘടന വഴി പദവികളിലെത്തുന്നവരും സംഘടനാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരും. ഡി.സി.സി തലംവരെ തെരഞ്ഞെടുപ്പ് വേണമോ സമവായം വേണമോയെന്ന് നേതാക്കൾക്ക് തീരുമാനിക്കാം. ഇക്കാര്യത്തിൽ കെ.പി.സി.സി തലത്തിൽ എന്തുവേണമെന്ന് അപ്പോൾ തീരുമാനിക്കും.
സംസ്ഥാനത്ത് സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായ അംഗത്വവിതരണം ഈ മാസം 26ന് ആരംഭിക്കും. അന്ന് രാവിലെ ചേരുന്ന കെ.പി.സി.സി ഭാരവാഹികൾ, നിർവാഹക സമിതിയംഗങ്ങൾ, എം.പിമാർ, എം.എൽ.എമാർ, മുതിർന്ന നേതാക്കൾ, ഡി.സി.സി പ്രസിഡന്റുമാർ, ബ്ലോക്ക് പ്രസിഡന്റുമാർ, കെ.പി.സി.സി-എ.ഐ.സി.സി അംഗങ്ങൾ തുടങ്ങിയവരുടെ യോഗത്തിലായിരിക്കും അംഗത്വവിതരണം തുടങ്ങുക. ഇതോടൊപ്പം ഓൺലൈൻ അംഗത്വവിതരണവും നടക്കും. അംഗത്വവിതരണത്തിന് സംസ്ഥാനതലത്തിലും ജില്ലതലങ്ങളിലും മുതിർന്ന നേതാക്കളുടെ മേൽനോട്ടം ഉണ്ടാകും. അംഗത്വവിതരണത്തിന് മേൽനോട്ട ചുമതലതയുള്ള നേതാക്കൾക്കായി 26ന് ഉച്ചക്കുശേഷം ക്ലാസ് നൽകും. ബൂത്തുകളിൽ അംഗത്വ വിതരണത്തിന് ഒരു പുരുഷനെയും ഒരു സ്ത്രീയെയും ചുമതലപ്പെടുത്തും. ഇവർക്കാവശ്യമായ പരിശീലനം ജില്ലതലത്തിൽ നൽകും.
പ്രസിഡൻറ് ഉൾപ്പെടെ കെ.പി.സി.സി ഭാരവാഹികളുമായും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയെന്നും സംസ്ഥാനത്ത് സംഘന തെരഞ്ഞെടുപ്പിന് തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപവരണാധികാരി വി.കെ. അറിവഴകനും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. വെള്ളിയാഴ്ച വൈകീട്ട് തലസ്ഥാനത്തെത്തിയ പരമേശ്വര സംസ്ഥാന നേതാക്കളുമായി നടന്ന രണ്ടുദിവസത്തെ ചർച്ചക്കുശേഷം ഇന്നലെ മടങ്ങി. ഈ മാസം അവസാനത്തോടെ പുതിയ ഡി.സി.സി ഭാരവാഹികളെയും പുതിയ ബ്ലോക്ക് പ്രസിഡൻറുമാരെയും പ്രഖ്യാപിക്കുമെന്ന് കൂടിക്കാഴ്ചയിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഉറപ്പുനൽകി. പുതിയ കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനം അടുത്തഘട്ടത്തിലേ ഉണ്ടാകൂവെന്ന് സുധാകരൻ വാർത്തസമ്മേളനത്തിലും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.