ജി 20 ഉച്ചകോടിക്ക് സമാപനം; അടുത്തത് ബ്രസീലിൽ
text_fieldsന്യൂഡൽഹി: നിർണായക ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കുമൊപ്പം വിവാദങ്ങൾക്കും വേദിയായ ജി 20 ഉച്ചകോടിക്ക് സമാപനം. അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്തു. ജി20യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വിർച്വൽ ഉച്ചകോടി.
ഞായറാഴ്ച രാവിലെ ജി20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കൾ രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരമർപ്പിച്ചു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇതിന് ശേഷമാണ് മോദിയുൾപ്പടെ എല്ലാ ലോകനേതാക്കളും ചേർന്ന് മഹാത്മഗാന്ധിക്ക് ആദരമർപ്പിച്ചത്. എല്ലാ നേതാക്കളും ഒന്നിച്ച് പുഷ്പചക്രം അർപ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു. ഇതാദ്യമായാണ് രാജ്ഘട്ടിൽ ഇത്രയും ലോകനേതാക്കൾ ഒത്തുചേർന്ന് ആദരമർപ്പിക്കുന്നത്.
സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി. ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ചുള്ള പ്രതിജ്ഞ എന്നും പ്രധാനമന്ത്രി പറഞ്ഞു. ജി 20 അംഗങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനം ജി20 ഉച്ചകോടി അംഗീകരിച്ചു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്. ഇന്ത്യ ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും നേട്ടമായി. അതേസമയം, യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനത്തിൽ റഷ്യയോട് വിട്ടുവീഴ്ച ചെയ്തെന്ന വിമർശനം അമേരിക്കൻ മാധ്യമങ്ങൾ ഉയർത്തി. അഭിമാനിക്കാൻ ഒന്നുമില്ലെന്നായിരുന്നു യുക്രെയിന്‍റെ പ്രതികരണം.
കാലാവസ്ഥാമാറ്റം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ത്വരിതഗതിയിലുള്ള പ്രയോഗവത്കരണം, ക്രിപ്റ്റോ കറൻസിക്ക് പൊതു ചട്ടക്കൂട് ഉണ്ടാക്കൽ, അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ പരിഷ്കരണം തുടങ്ങിയ വിഷയങ്ങളിലെല്ലാം ജി20 ഉച്ചകോടിയിൽ ക്രിയാത്മക ചർച്ചകൾ നടന്നിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെയും അഭാവം ശോഭകെടുത്തിയെങ്കിലും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ ലോകനേതാക്കളുടെ സാന്നിധ്യം ഉച്ചകോടിയെ ഫലപ്രാപ്തിയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആതിഥേയരായ ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.