ജി 20ക്കായി മൂന്നു ദിവസം ഡൽഹി അടച്ചുപൂട്ടും
text_fieldsന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്കായി ഡൽഹി നഗരം അടച്ചുപൂട്ടുന്നു. സെപ്റ്റംബർ എട്ട്, ഒമ്പത്, 10 തീയതികളിൽ മന്ത്രാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ അടക്കമുള്ള മുഴുവൻ സ്ഥാപനങ്ങളും സർക്കാർ നിർദേശത്തെ തുടർന്ന് അവധി പ്രഖ്യാപിച്ചു. റസ്റ്റാറന്റുകൾ, മാളുകൾ, മാർക്കറ്റുകൾ തുടങ്ങിയവ അടച്ചിടാൻ പൊലീസ് നിർദേശം നൽകി. സുപ്രീംകോടതിയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി ഇന്ദിരഗാന്ധി വിമാനത്താവളത്തിൽനിന്നുള്ള 150ലധികം ആഭ്യന്തര വിമാന സർവിസുകൾ റദ്ദാക്കും.
അവശ്യവസ്തുക്കൾ ഒഴികെയുള്ള വലുതും ചെറുതുമായ ചരക്ക് വാഹനങ്ങൾ ഡൽഹിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. നിയന്ത്രണങ്ങളോടെ മെട്രോ സർവിസ് നടത്തും. ഹോട്ടൽ ബുക്ക് ചെയ്തതിന്റെ രേഖകൾ കാണിച്ചാൽ മാത്രമേ വിനോദസഞ്ചാരികളുമായി വരുന്ന ടാക്സികൾക്ക് ന്യൂഡൽഹി ജില്ലയിൽ പ്രവേശിക്കാൻ അനുവദിക്കൂ.
സ്ഥിരം താമസക്കാർ, അവശ്യ സേവനദാതാക്കൾ ആവശ്യമായ രേഖകൾ കൈവശം വെക്കണം. ജി20 നടക്കുന്ന പ്രദേശത്തെ താമസ സ്ഥലങ്ങളിലേക്ക് പുറത്തുനിന്നു വരുന്നവർക്ക് പ്രത്യേക പാസ് വേണമെന്നും അധികൃതർ അറിയിച്ചു. നഗരം മോടിപിടിപ്പിക്കാൻ തെരുവുകച്ചവടക്കാരെയും, തെരുവുകളിൽ കഴിയുന്നവരെയും ആഴ്ചകൾക്ക് മുമ്പെ ഒഴിപ്പിച്ചു തുടങ്ങിയിരുന്നു. മൂന്ന് ദിവസം ഓട്ടോറിക്ഷകൾ ന്യൂഡൽഹി ജില്ലയിലേക്ക് കടക്കരുതെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
വി.ഐ.പികൾ സഞ്ചരിക്കാനുള്ള റോഡുകളിൽ പൊലീസ് ദിവസങ്ങൾക്ക് മുമ്പെ നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ലോകനേതാക്കളുടെ വിമാനം പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക പാര്‍ക്കിങ് സംവിധാനം വിമാനത്താവളത്തില്‍ ഒരുക്കും. ഉച്ചകോടിക്കായി കേന്ദ്രസര്‍ക്കാര്‍ വാടകക്കെടുത്ത 20 ഔഡി ബുള്ളറ്റ് പ്രൂഫ് കാറുകള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി.
വിദേശ നേതാക്കളുടെ യാത്രക്കായി 18 കോടി രൂപ വാടക നല്‍കിയാണ് മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ വാഹന വാടകക്കാരില്‍നിന്ന് കാറുകള്‍ വരുത്തിയിരിക്കുന്നത്. സമ്മേളനം നടക്കുന്ന വേദികളിലും മറ്റുമായി ഡൽഹി പൊലീസിന് പുറമെ, എസ്.പി.ജി, സി.ആര്.പി.എഫ്, അർധ സൈനിക വിഭാഗങ്ങളെയും വിന്യസിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.