ജി20 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലിയിൽ
text_fieldsബാലി: ചൊവ്വാഴ്ച ആരംഭിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ബാലിയിലെത്തി. ആഗോള സാമ്പത്തിക വളർച്ച, ഭക്ഷ്യ-ഊർജ സുരക്ഷ ഉറപ്പാക്കൽ എന്നീ വിഷയങ്ങളിൽ ജി20 രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യ കൈവരിച്ച നേട്ടങ്ങളും ആഗോള പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിടാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും സമ്മേളനത്തിൽ താൻ ഉയർത്തിക്കാട്ടുമെന്ന് ബാലിയിലേക്ക് തിരിക്കുന്നതിനുമുമ്പ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. 2022 ഡിസംബർ ഒന്നുമുതൽ ഒരുവർഷത്തേക്ക് ജി20യുടെ അധ്യക്ഷസ്ഥാനം വഹിക്കുന്നത് ഇന്ത്യയാണ്. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ബാലി ഉച്ചകോടിയുടെ സമാപനച്ചടങ്ങിൽ ജി20 അധ്യക്ഷസ്ഥാനം ഇന്ത്യക്ക് കൈമാറും. 'വസുധൈവ കുടുംബകം' അല്ലെങ്കിൽ 'ഒരുഭൂമി, ഒരുകുടുംബം, ഒരു ഭാവി' ആശയത്തിലൂന്നിയാകും ഈ സ്ഥാനം ഇന്ത്യ നിർവഹിക്കുകയെന്നും മോദി പറഞ്ഞു.
ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ റഷ്യ-യുക്രെയ്ൻ സംഘർഷത്തെതുടർന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടും. യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ചൊവ്വാഴ്ച ബാലിയിലെ ഇന്ത്യൻ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. ചില രാജ്യങ്ങളുമായി ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകളും മോദി നടത്തും. റഷ്യ-യുക്രെയ്ൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ഉച്ചകോടിയെ ഗൗരവത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.