ജി20 ഉച്ചകോടി: കരിനിഴലായി പുടിന്റെയും ഷി ജിൻപിങ്ങിന്റെയും അഭാവം
text_fieldsന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങൾ അണിനിരക്കുന്ന ജി20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും വിട്ടുനിൽക്കുന്നത് സമ്മേളനത്തിൽ കരിനിഴൽ വീഴ്ത്തുമെന്ന് ആശങ്ക. യുക്രെയ്ൻ അടക്കമുള്ള വിഷയങ്ങളിൽ അംഗരാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടെയാണ് പുടിൻ വിട്ടുനിൽക്കുന്നത് ഉച്ചകോടിയുടെ നിറംകെടുത്തുന്നത്. ആഗോള സമ്പദ്വ്യവസ്ഥയെ അലട്ടുന്ന നിരവധി പ്രശ്നങ്ങളിൽ സമവായത്തിലെത്താൻ ചൈനീസ് പ്രസിഡന്റിന്റെ അഭാവവും തിരിച്ചടിയാകും. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ഷി ജിൻപിങ് വലിയ കൂട്ടായ്മയായ ജി20യിൽനിന്ന് വിട്ടുനിൽക്കുന്നത് ഇന്ത്യ അധ്യക്ഷ പദവിയിലായതിനാലാണെന്നാണ് സൂചന.
ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയെക്കുറിച്ച് അന്തിമ രൂപമായിട്ടില്ല. യുക്രെയ്ൻ വിഷയത്തിലും അഭിപ്രായ വ്യത്യാസം തുടരുകയാണ്. യുക്രെയിനെക്കുറിച്ചുള്ള നേരിട്ടുള്ള പരാമർശം ഒഴിവാക്കാമെന്ന ഇന്ത്യയുടെ നിർദേശത്തെ അമേരിക്കയടക്കമുള്ള വൻശക്തികൾ അംഗീകരിച്ചിട്ടില്ല. റഷ്യയെ കുറ്റപ്പെടുത്താതെ ഈ വിഷയത്തിൽ പ്രമേയം അവതരിപ്പിക്കാമെന്ന ഇന്ത്യയുടെ നിർദേശവും പല രാജ്യങ്ങൾക്കും സ്വീകാര്യമല്ല. റഷ്യയെ കുറ്റപ്പെടുത്തുന്ന പ്രമേയം വീറ്റോ ചെയ്യുമെന്ന നിലപാടിലാണ് റഷ്യയും ചൈനയും. അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ചില വിഷയങ്ങളിൽ ഏറെ പുരോഗതി നേടാൻ ജി20ക്ക് കഴിഞ്ഞിട്ടുണ്ട്. ബഹുമുഖ വികസന ബാങ്കുകളുടെ പരിഷ്കരണം ചർച്ച ചെയ്യപ്പെടുന്ന പ്രധാന വേദികളിലൊന്നാണ് ജി20 യോഗങ്ങൾ. ലോകബാങ്കിന്റെയും മറ്റും ആഭ്യന്തര നയങ്ങൾ പരിഷ്കരിച്ച് കൂടുതൽ മൂലധനം കടമെടുക്കാനും ഇളവ് നിരക്കിൽ വായ്പ നൽകാനും ധനസഹായം വർധിപ്പിക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.