കനത്ത സുരക്ഷയിൽ ജി20 വർക്കിങ് ഗ്രൂപ് യോഗത്തിന് ശ്രീനഗറിൽ തുടക്കം
text_fieldsശ്രീനഗർ: കനത്ത സുരക്ഷ ക്രമീകരണങ്ങൾക്കിടയിൽ മൂന്നാമത് ജി20 വർക്കിങ് ഗ്രൂപ് യോഗം ശ്രീനഗറിൽ തുടങ്ങി. 2019ൽ ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ ശേഷം നടക്കുന്ന ആദ്യ പ്രധാന അന്താരാഷ്ട്ര പരിപാടിയാണിത്.
ജി20 അംഗരാജ്യങ്ങളായ ചൈന, തുർക്കിയ, സൗദി അറേബ്യ എന്നിവർ പരിപാടിക്ക് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേസമയം, തുർക്കിയ, സൗദി എന്നിവിടങ്ങളിൽനിന്നുള്ള ചില ടൂർ ഓപറേറ്റർ പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കുന്നതിനായി ശ്രീനഗറിലെത്തിയിട്ടുണ്ട്.
70ലേറെ വിദേശ പ്രതിനിധികൾ പരിപാടിക്ക് എത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ന്യൂഡൽഹിയിൽനിന്ന് രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായാണ് ഇവരെത്തിയത്. വിദേശ പ്രതിനിധികളെ ശ്രീനഗർ വിമാനത്താവളത്തിൽ പരമ്പരാഗത രീതിയിൽ സ്വീകരിച്ചു.
ദാൽ തടാകക്കരയിലെ ‘ഷേറെ കശ്മീർ’ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിലാണ് പരിപാടി. ഇതിന്റെ ഭാഗമായി ‘സാമ്പത്തിക വളർച്ചക്കും സംസ്കാര സംരക്ഷണത്തിനും ഫിലിം ടൂറിസം’ പരിപാടി നടന്നു. ഫിലിം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.
വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ സിനിമകളുടെ പങ്ക് വിശദീകരിക്കുന്ന ‘ഫിലിം ടൂറിസത്തിലെ ദേശീയനയം’ ചടങ്ങിൽ പ്രകാശിപ്പിച്ചു. സ്പെയിൻ, സിംഗപ്പൂർ, മൊറീഷ്യസ്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിഷയത്തിന്റെ അന്താരാഷ്ട്ര വീക്ഷണം അവതരിപ്പിച്ചു.
മുമ്പ് നടന്ന രണ്ട് യോഗങ്ങളിലുള്ളതിനേക്കാൾ കൂടുതൽ വിദേശ പ്രതിനിധികളാണ് ഇത്തവണ സംബന്ധിക്കുന്നതെന്ന് ചീഫ് കോഓഡിനേറ്റർ ഹർഷ് വർധൻ ശൃംഗ്ല പറഞ്ഞു. പരിപാടിക്ക് ത്രിതല സുരക്ഷയാണ് ശ്രീനഗർ പട്ടണത്തിൽ ഒരുക്കിയിരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.