സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നു; അക്ഷയ് കുമാർ അഭിനയിച്ച റോഡ് സുരക്ഷ പരസ്യം പങ്കുവെച്ച് വെട്ടിലായി നിതിൻ ഗഡ്കരി
text_fieldsനടൻ അക്ഷയ് കുമാർ അഭിനയിച്ച റോഡ് സുരക്ഷ കാമ്പയിനെ കുറിച്ചുള്ള വിഡിയോ പങ്കുവെച്ച കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വെട്ടിൽ. പരസ്യം സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന വിമർശനവുമായി സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തി.
കാറുകളിൽ ആറു എയർബാഗുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നതിനിടെയാണ് അതുമായി ബന്ധപ്പെട്ട നടന്‍റെ പര്യം കേന്ദ്രമന്ത്രി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, പരസ്യം സ്ത്രീധന സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. മകൾ വിവാഹം കഴിഞ്ഞ് പുതിയ കാറിൽ വരന്‍റെ വീട്ടിലേക്ക് യാത്രയാകുന്നത് കാണുന്ന പിതാവ് കരയുന്നതാണ് വിഡിയോയിൽ. എന്നാൽ, രണ്ടു എയർബാഗുകൾ മാത്രമുള്ള കാറിൽ നവദമ്പതികളെ അയച്ചതിന് പിതാവിനെ പൊലീസുകാരനായ അക്ഷയ് കുമാർ പരിഹസിക്കുന്നതാണ് പരസ്യത്തിന്‍റെ ചുരുക്കും.
സ്ത്രീധനം എന്ന തിന്മ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരസ്യങ്ങളെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി വിമർശിച്ചു. 'ഇത് വളരെ പ്രശ്നകരമായ ഒരു പരസ്യമാണ്. ആരാണ് ഇത്തരം സർഗാത്മകതക്ക് അനുമതി നൽകുന്നത്? ഈ പരസ്യത്തിലൂടെ കാറിന്റെ സുരക്ഷാ വശം പ്രോത്സാഹിപ്പിക്കുന്നതിനാണോ, അതോ സ്ത്രീധനം എന്ന തിന്മയും ക്രിമിനൽ നടപടിയും പ്രോത്സാഹിപ്പിക്കുന്നതിനാണോ സർക്കാർ പണം ചെലവഴിക്കുന്നത്' -ചതുർവേദി ട്വീറ്റ് ചെയ്തു.
ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നത് വെറുപ്പുളവാക്കുന്ന കാര്യമാണെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖെല പ്രതികരിച്ചു. ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചതിനു പിന്നാലെയാണ് റോഡ് സുരക്ഷ പരസ്യം പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.