കൈക്കൂലി കേസ്: മലയാളിയായ ഗെയിൽ മാർക്കറ്റിങ് ഡയറക്ടർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: കൈക്കൂലി കേസിൽ ഗെയിൽ മാർക്കറ്റിങ് വിഭാഗം ഡയറക്ടറും മലയാളിയുമായ ഇ.എസ്. രംഗനാഥനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. രംഗനാഥൻ അടക്കം അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തത്. രംഗനാഥന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ പണവും ആഭരണങ്ങളും കണ്ടെത്തിയെന്ന് സി.ബി.ഐ അറിയിച്ചു.
മഹാരത്ന പദവിയുള്ള പൊതുമേഖല സ്ഥാപനം വിപണനം ചെയ്യുന്ന പെട്രോ കെമിക്കൽ ഉൽപന്നങ്ങൾ വിലകുറച്ച് സ്വകാര്യ കമ്പനികൾക്ക് നൽകാൻ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. രംഗനാഥന്റെ ഓഫിസും വസതിയും ഉൾപ്പെടെ എട്ടു സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. പരിശോധനയിൽ 1.29 കോടി രൂപയും ഇത്രതന്നെ തുകയുടെ സ്വർണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തതായി സി.ബി.ഐ വക്താവ് ആർ.സി. ജോഷി പറഞ്ഞു. ഇടനിലക്കാരായ പവൻ ഗൗർ, ഋഷഭ് പോളികെം പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ രാജേഷ് കുമാർ എന്നിവരുമായി ചേർന്ന് രംഗനാഥൻ അഴിമതിയും നിയമവിരുദ്ധപ്രവർത്തനങ്ങളും നടത്തിയെന്നാണ് കേസ്.
കേരളത്തിലെ ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയിലടക്കം പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രംഗനാഥൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.