കല്ലിനു പകരം പിത്താശയം നീക്കംചെയ്തു; ഡോക്ടർ രോഗിക്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
text_fieldsന്യൂഡൽഹി: തെറ്റായ രോഗനിർണയത്തിലൂടെ രോഗിയുടെ സമ്മതമില്ലാതെ, പിത്താശയം നീക്കം ചെയ്ത സംഭവത്തിൽ ഡോക്ടർ മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പിത്താശയത്തിലെ കല്ല് ലാപ്രോസ്കോപിക് സർജറിയിലൂടെ നീക്കം ചെയ്യുന്നതിന് പകരം പിത്താശയം തന്നെ നീക്കുകയായിരുന്നു. രോഗിയുടെ സമ്മതവും ഡോക്ടർ ചോദിച്ചില്ല. ഡൽഹിയിലെ ബട്ടിൻഡ നഴ്സിങ് ഹോമിലാണ് സംഭവം.
മെഡിക്കൽ എത്തിക്സിനു നിരക്കാത്ത കാര്യമാണ് ഡോക്ടർ ചെയ്തതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. നിരവധി തവണ സ്കാനിങ്ങും മറ്റ് പരിശോധനകളും നടത്തിയാണ് രോഗിയുടെ വയറുവേദനക്ക് കാരണം പിത്താശയത്തിലെ കല്ല് ആണെന്ന് ഡോക്ടർ കണ്ടെത്തിയത്. എന്നാൽ ശസ്ത്രക്രിയക്കു ശേഷവും രോഗിയുടെ വയറുവേദന മാറിയില്ല. തുടർന്ന് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ, പരിശോധനകൾ നടത്തുകയും അപ്പൻഡിക്സ് ആണ് വയറുവേദനത്ത് കാരണമെന്ന് കണ്ടെത്തുകയുമായിരുന്നു.
ആർ. ഗഗൻ ഗ്യാസ്‌ട്രോ കെയർ ഹോസ്പിറ്റലിലെ ഡോ. ഗഗൻദീപ് ഗോയൽ, ബട്ടിൻഡ നഴ്‌സിങ് ഹോമിലെ ഡോ. സഞ്ജയ് ഗാർഗ് എന്നിവർക്കെതിരെയാണ് ആരതി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്.
രോഗനിർണയത്തിനുള്ള അനിവാര്യമായ പരിശോധനകൾ ഡോക്ടർ നടത്തിയിട്ടില്ലെന്നാണ് ഫോറം കണ്ടെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ഡോ. ഗോയൽ നിരപരാധിയാണെന്നും ഫോറം വിധിച്ചു. ഡോ. ഗാർഗ് രോഗിക്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ ആരതി പഞ്ചാബ് ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ രണ്ടു ഡോക്ടർമാരും നിരപരാധികളാണെന്നായിരുന്നു വിധി. ശസ്ത്രക്രിയക്കു ശേഷം നിരവധി പ്രശ്നങ്ങൾ രോഗികൾക്ക് ഉണ്ടാകാറുണ്ടെന്നും ഇതിനൊന്നും ഡോക്ടർമാരെ പഴിചാരേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെ ആരതി ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.
ഡോക്ടർ രോഗമെന്താണെന്ന് കണ്ടെത്തുക പോലും ചെയ്യാതെയാണ് തന്റെ അനുവാദമില്ലാതെ പിത്താശയം നീക്കം ചെയ്തതെന്നാണ് പരാതിയിൽ ആരതി ചൂണ്ടിക്കാട്ടിയത്. മെഡിക്കൽ അനാസ്ഥ മൂലം തനിക്ക് രണ്ടരലക്ഷം രൂപ ചെലവായതായും പിത്താശയത്തിലെ കല്ല് നീക്കുന്നതിന് പകരം ഡോക്ടർ ഗാർഗ് പിത്താശയം തന്നെ നീക്കംചെയ്തതായും ആരതി വ്യക്തമാക്കി. പരാതി ശരിവെച്ച കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.