ചൈനയുടെ ഗൽവാൻ അവകാശവാദം ഇന്ത്യ വീണ്ടും തള്ളി
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരക്കു മേലുള്ള ചൈനയുടെ അവകാശവാദം തള്ളിക്കളയുന്നതായി ആവർത്തിച്ച് ഇന്ത്യ. അതേസമയം, യഥാർഥ നിയന്ത്രണ രേഖയിലെ (എൽ.എ.സി) സംഘർഷ മേഖലയിൽനിന്ന് സൈനിക പിന്മാറ്റം ഉൗർജിതമാക്കാൻ വെള്ളിയാഴ്ച നയതന്ത്രതല ചർച്ച നടത്തുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ ന്യൂഡൽഹിയിൽ പറഞ്ഞു.
ഗൽവാൻ മേഖലയിലെ ചൈനയുടെ അവകാശവാദം ഊതിപ്പെരുപ്പിച്ചതും സമർഥിക്കാൻ കഴിയാത്തതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അതിന് പരസ്പര സംഭാഷണമാണ് പരിഹാരമെന്നും പറഞ്ഞ ശ്രീവാസ്തവ, രാജ്യത്തിെൻറ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ തങ്ങൾ നിലയുറപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
അതിർത്തിയിലെ സമാധാനത്തിെൻറ ആണിക്കല്ല് എൽ.എ.സിയിലുള്ള പരസ്പര ബഹുമാനമാണ്. ഇക്കാര്യം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി സംസാരിച്ച ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. ഡോവലും വാങ് യിയും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിനുശേഷമാണ് കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽനിന്ന് സൈനിക പിന്മാറ്റം സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയായത്.
‘‘അതിർത്തിയിലെ കാര്യങ്ങളിൽ ഏറ്റവും ഉത്തരവാദിത്തത്തോടെയാണ് ഇന്ത്യൻ സേന പെരുമാറുന്നതെന്നും അതേസമയം, രാജ്യത്തിെൻറ പരമാധികാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും സുരക്ഷ ഉപദേഷ്ടാവ് ചൈനയോട് വ്യക്തമാക്കിയിട്ടുണ്ട്’’ -ശ്രീവാസ്തവ തുടർന്നു. ഇന്ത്യ-ചൈന അതിർത്തി പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഓൺലൈൻ വഴിയാണ് ചർച്ച നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.