ഗന്തർബാൽ ഭീകരാക്രമണം: തിരച്ചിൽ ശക്തം
text_fieldsശ്രീനഗർ: ഗന്തർബാലിൽ ഏഴുപേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷസേന തിരച്ചിൽ ശക്തമാക്കി. ദേശീയ അന്വേഷണ ഏജൻസി സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള ഭീകര സംഘടനയായ റസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിെന്റ ഉത്തരവാദിത്തം ഏറ്റെടുത്തു.
ആക്രമണം നടത്തിയ ഭീകരർ, അവർക്ക് സഹായം ചെയ്തവർ എന്നിവർക്കായി സൈന്യവും സി.ആർ.പി.എഫും പൊലീസുമാണ് തിരച്ചിൽ ആരംഭിച്ചത്. ശ്രീനഗർ-ലേ ദേശീയപാതയിൽ തുരങ്ക നിർമാണ പ്രവൃത്തിയിലേർപ്പെട്ട തൊളിലാളികൾ വൈകുന്നേരം താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. തദ്ദേശവാസികളും ഇതര സംസ്ഥാനക്കാരും ഉൾപ്പെട്ട തൊഴിലാളികളുടെ സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണസംഘത്തിൽ രണ്ട് ഭീകരരെങ്കിലും ഉണ്ടായിരുന്നതായാണ് സുരക്ഷസേന സംശയിക്കുന്നത്. രണ്ട് തൊഴിലാളികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ നാല് തൊഴിലാളികളും ഡോക്ടറും പിന്നീട് മരണത്തിന് കീഴടങ്ങി. അഞ്ചുപേർ ചികിത്സയിലാണ്. ഡോ. ഷാനവാസ് അഹ്മദ് ദാർ, ഫഹീം നാസിർ, കലീം, മുഹമ്മദ് ഹനീഫ്, ശശിഭൂഷൺ അബ്രോൽ, അനിൽ ശുക്ള, ഗുർമീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. 2006 ജൂണിൽ കുൽഗാമിലുണ്ടായ ഭീകരാക്രമണത്തിനുശേഷം ഇതര സംസ്ഥാനക്കാർക്കുനേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.