ഇന്ത്യയെ വിഭജിക്കുന്നതിൽ ഗാന്ധികുടുംബം ഏറെ പ്രശസ്തമാണെന്ന് ബി.ജെ.പി നേതാവ്
text_fieldsജയ്പൂർ: ഗാന്ധികുടുംബം ഇന്ത്യയെ വിഭജിക്കുന്നതിൽ ഏറെ പ്രശസ്തമാണെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജ്യവർധൻ സിങ് റാത്തോഡ്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വാക്ക്പോര് തുടരുന്നതിനിടയിലാണ് റാത്തോഡിന്‍റെ പരാമർശം. യാത്രയിൽ രാഹുൽ ഗാന്ധി ഇന്ത്യാവിരുദ്ധരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അതിനാൽ തന്നെ ഇത് ഭാരത് തോഡോ (തകർക്കുക) യാത്രയാണെന്നും അദ്ദേഹം ആരോപിച്ചു.
'ഗാന്ധികുടുംബം ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രശസ്തമാണ്, അതിപ്പോൾ കശ്മീരിൽ മോശം അവസ്ഥ സൃഷ്ടിച്ച ജവഹർലാൽ നെഹ്റുവായാലും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയോ സിഖ് കലാപത്തിലേക്ക് നയിച്ച രാജീവ് ഗാന്ധിയോ ആയാലും. അവർ വോട്ടുബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നത്'- റാത്തോഡ് പറഞ്ഞു.
ബി.ജെ.പി അധികാരത്തിലിരിക്കുന്ന ഇടങ്ങളിൽ കലാപങ്ങൾ ഉണ്ടാവുന്നില്ല. എല്ലാ പദ്ധതികളുടേയും ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നു. കോൺഗ്രസിന്‍റെ ഭരണകാലത്ത് രാജ്യംവിട്ടവർ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. സാമ്പത്തികമായി ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും റാത്തോഡ് പറഞ്ഞു.
കോൺഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അഭിനയിക്കുകയാണെന്നു പറഞ്ഞ റാത്തോഡ് കോൺഗ്രസിനകത്തുതന്നെ പിളർപ്പുണ്ടെന്നും കോൺഗ്രസിനെ തന്നെ ബന്ധിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയും റാത്തോഡ് രൂക്ഷമായി വിമർശിച്ചു. രാജസ്ഥാനിൽ ക്രമസമാധാനം തകർന്നെന്നും എന്നാൽ ഗെഹ്ലോട്ട് സർക്കാർ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ അമിത് ഷായുടെ മഫ്ലറിന് 80,000 രൂപ വിലയുണ്ടെന്നും രണ്ടര ലക്ഷം രൂപയുടെ സൺ ഗ്ലാസുകളാണ് ബി.ജെ.പി നേതാക്കൾ ധരിക്കുന്നതെന്നും ഗെഹ്ലോട്ട് തുറന്നടിച്ചിരുന്നു. 'ഭാരത് ജോഡോ യാത്ര'ക്ക് ജനങ്ങളിൽനിന്ന് ലഭിക്കുന്ന അസാധാരണമായ പ്രതികരണം ബി.ജെ.പിയെ വിറളിപിടിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.