ചമ്പാരൻ സത്യാഗ്രഹം നടന്ന സ്ഥലത്തെ ഗാന്ധി പ്രതിമ തകർത്തു
text_fieldsമോത്തിഹാരി: ബിഹാറിൽ ചമ്പാരൻ സത്യാഗ്രഹം നടന്ന സ്ഥലത്തെ ഗാന്ധി പ്രതിമ തകർത്ത നിലയിൽ. ഇന്ത്യയിൽ ഗാന്ധിജി ആദ്യമായി നടത്തിയ സത്യാഗ്രഹ സമരമായിരുന്നു ചമ്പാരനിലേത്. 1917 ഏപ്രിലിലായിരുന്ന കർഷകരുടെ അവകാശത്തിനുവേണ്ടി സമരം നടത്തിയത്.
ഗാന്ധി പ്രതിമ തകർത്തതിൽ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപാക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികൾക്കെതിരെ നിയമാനുസൃതമായി നടപടിയെടുക്കുമെന്നും ഈസ്റ്റ് ചമ്പാരൻ ജില്ല മജിസ്‌ട്രേറ്റ് ശിർഷാത് കപിൽ അശോക് അറിയിച്ചു. ചർക്ക പാർക്കിലെ ഗാന്ധി പ്രതിമ ഞായറാഴ്ച രാത്രിയാണ് നശിപ്പിച്ച നിലയിൽ ശ്രദ്ധയിൽപെട്ടത്. അഹിംസക്കും സത്യത്തിനും വേണ്ടി നിലകൊണ്ട ഗാന്ധിയെ പോലുള്ള മഹാന്മാർ ഉയർത്തി കൊണ്ടുവന്ന ആശയങ്ങളെ പ്രതിമകൾ തകർക്കുന്നതിലൂടെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിമ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ ജില്ല ഭരണകൂടം സ്വീകരിക്കും. നിലവിൽ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് പാർക്കിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. സി.സി.ടി.വി അടക്കമുള്ള സുരക്ഷ ക്രമീകരണങ്ങൾ പാർക്കിൽ ഒരുക്കാനും ഇവർക്ക് നിർദേശം നൽകിയതായി മജിസ്ട്രേറ്റ് അറിയിച്ചു.
പ്രതിമ തകർക്കുന്നതിനു മുമ്പ് പ്രദേശത്ത് നിന്ന് മതപരമായ മുദ്രാവാക്യങ്ങൾ കേട്ടതായി ചിലർ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. പിന്നിൽ തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് പങ്കുള്ളതായും ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ പൊലീസ് ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.