കോൺഗ്രസിന്‍റെ പരാജയം അപ്രതീക്ഷിതമല്ല; ഗാന്ധികുടുംബം മാറിനിൽക്കട്ടെ, മറ്റുള്ളവർക്ക് അവസരം നൽകൂ -കപിൽ സിബൽ
text_fieldsന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ വീണ്ടും നേതൃമാറ്റമെന്ന ആവശ്യമുയരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പ്രവർത്തക സമിതി യോഗം ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയിൽ വിശ്വാസം രേഖപ്പെടുത്തിയെങ്കിലും ജി-23 ഗ്രൂപ്പ് എന്നറിയപ്പെടുന്ന വിമത നേതാക്കൾക്കിടയിൽ അമർഷം വ്യാപകമാണ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുയർത്തിയിരിക്കുകയാണ് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന നേതാവുമായ കപിൽ സിബൽ. നേതൃസ്ഥാനത്തു നിന്ന് ഗാന്ധികുടുംബം മാറിനിൽക്കട്ടേയെന്നും മറ്റേതെങ്കിലും നേതാവിന് അവസരം നൽകൂവെന്നും അദ്ദേഹം ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.
കപിൽ സിബൽ പറയുന്നു - തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്നെ ഒരിക്കലും അത്ഭുതപ്പെടുത്തിയിട്ടില്ല. 2014 മുതൽ നമ്മൾ താഴേക്ക് പോവുകയാണ്. ഒന്നിന് പിറകെ ഒന്നായി സംസ്ഥാനങ്ങൾ നമുക്ക് നഷ്ടപ്പെട്ടു. കോൺഗ്രസ് വിജയിച്ചിരുന്ന ഇടങ്ങളിൽ പോലും ഒരുമിച്ച് നിർത്താൻ കഴിഞ്ഞില്ല. അതിനിടെ, ചില പ്രധാന വ്യക്തികളുടെ പലായനമുണ്ടായി. നേതൃത്വത്തിന്റെ വിശ്വാസമുള്ളവർ പോലും കോൺഗ്രസിൽ നിന്ന് അകന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും നേതൃത്വത്തോട്അടുപ്പമുള്ളവർ അവരെ വിട്ടുപോയിട്ടുണ്ട്. കണക്കുകൾ നോക്കുകയാണെങ്കിൽ 2014 മുതൽ 177 എം.പിമാരും എം.എൽ.എമാരും 222 സ്ഥാനാർഥികളും കോൺഗ്രസ് വിട്ടുവെന്നത് ശ്രദ്ധേയമാണ്. മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഇത്തരത്തിലുള്ള പലായനം കണ്ടിട്ടില്ല.
കാലാകാലങ്ങളിൽ അപമാനകരമായ തോൽവികൾ നാം ഏറ്റുവാങ്ങിയിട്ടുണ്ട്. കോൺഗ്രസ് പ്രസക്തമാകുമെന്ന് പ്രതീക്ഷിച്ച സംസ്ഥാനങ്ങളിലെ വോട്ടു ശതമാനം ഏതാണ്ട് നിസ്സാരമാണ്. ഉത്തർപ്രദേശിൽ 2.33 ശതമാനം വോട്ട് വിഹിതമാണുള്ളത്. ഇത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. വോട്ടർമാരുമായി ബന്ധപ്പെടാൻ നമുക്ക് കഴിയുന്നില്ല. മുന്നിൽ നിന്ന് നയിക്കാൻ കഴിയുന്നില്ല, ആളുകളിലേക്ക് എത്താൻ കഴിയുന്നില്ല. ഗുലാം നബി ആസാദ് ഇന്നലെ പറഞ്ഞതുപോലെ, ഒരു നേതാവിന് പ്രാപ്യത, സ്വീകാര്യത, ഉത്തരവാദിത്തം എന്നീ ഗുണങ്ങൾ ഉണ്ടായിരിക്കണം. എന്നാൽ 2014 മുതൽ, ഉത്തരവാദിത്തത്തിന്റെ അഭാവവും സ്വീകാര്യത കുറയുകയും പ്രാപ്യത വർധിപ്പിക്കാനുള്ള ശ്രമങ്ങൾ കുറയുകയും ചെയ്യുന്നു. അതാണ് യഥാർഥ പ്രശ്നം. അത് അറിയുന്നത് കൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലം എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല.
ഇന്നലെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ സംഭവിച്ച കാര്യങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല. തകർച്ചയുടെ കാരണം കണ്ടെത്താൻ ഞങ്ങൾക്ക് ഒരു ചിന്തൻ ശിബിർ ഉണ്ടാകുമെന്ന് പറയാൻ എട്ട് വർഷമെടുക്കുന്നു. എട്ട് വർഷമായി ഒരു രാഷ്ട്രീയ പാർട്ടിയും നേതൃത്വവും അതിന്റെ തകർച്ചയുടെ കാരണങ്ങളെക്കുറിച്ച് അറിഞ്ഞില്ലെങ്കിൽ; കാരണം കണ്ടെത്താൻ ഒരു ചിന്തൻ ശിബിർ കണ്ടെത്തുന്നതിനായി കാത്തിരിക്കുകയാണെങ്കിൽ, അതൊരു സാങ്കൽപ്പിക ഭൂമിയിലാണ് ജീവിക്കുന്നത്. നമ്മെ അഭിമുഖീകരിക്കുന്ന യാഥാർഥ്യത്തിലേക്ക് കണ്ണടച്ച് നിൽക്കുകയാണ്. ഈ സമരം കോൺഗ്രസ് പാർട്ടിയുടേതല്ല. കോൺഗ്രസ് ഒരു ചിന്താ പ്രക്രിയയെ പ്രതിനിധീകരിക്കുന്നു. കോൺഗ്രസ് എന്ന വാക്ക് ഉണ്ടായത് ഒരുമയിൽ നിന്നാണ്. ഹിന്ദുമതത്തിൽ പെടാത്ത ഒരാളിൽ നിന്നാണ് യഥാർത്ഥ കോൺഗ്രസ് പിറന്നത്. ഈ കോൺഗ്രസിൽ, ആ കുടക്കീഴിൽ, എല്ലാവരും ആ ചിന്താ പ്രക്രിയയിൽ ആഴത്തിൽ ഇടപെടുകയും പ്രതിജ്ഞാബദ്ധരാവുകയും ചെയ്തു. അധികാര ഘടന വളരെ സംഘടിതമായിരുന്നു, എല്ലാവരും പങ്കെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് കോൺഗ്രസ് പാർട്ടിയിൽ നേതൃത്വം മാറാറുണ്ടായിരുന്നു എന്നതാണ് ചരിത്രം. എന്നാൽ, ഈയടുത്താണ് നേതൃത്വത്തിന് ഇത്രയേറെ നീണ്ട കാലാവധി ലഭിച്ചത്.
രാഹുൽ ഗാന്ധി വീണ്ടും അധികാരത്തിൽ വരണമെന്ന് പലരും പറയുന്നുണ്ടല്ലോ. അതെനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. ഇത് പറയുന്നവർ ഇതൊന്നും ചിന്തിച്ചിട്ടില്ലെന്ന് വ്യക്തം. രാഹുൽ ഗാന്ധി കോൺഗ്രസിന്‍റെ അധ്യക്ഷനല്ലെന്നും സോണിയ ഗാന്ധിയാണെന്നുമാണ് എന്‍റെ ധാരണ. രാഹുൽ ഗാന്ധി പഞ്ചാബിൽ പോയി ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം നടത്തി. ഏത് ശേഷിയിലാണ് അദ്ദേഹം അത് ചെയ്തത്? പാർട്ടിയുടെ അധ്യക്ഷനല്ല, എന്നാൽ എല്ലാ തീരുമാനങ്ങളും അദ്ദേഹം എടുക്കുന്നു. രാഹുലാണ് 'യഥാർഥ' പ്രസിഡന്‍റ്. പിന്നെ എന്തിനാണ് അധികാരം തിരികെ പിടിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുന്നത് -കപിൽ സിബൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.