ഗണപതി പ്രതിമയും ക്രിക്കറ്റ് ബാറ്റും; സുനകിന് മോദിയുടെ ആശംസയും ദീപാവലി സമ്മാനവും കൈമാറി ജയശങ്കർ
text_fieldsന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആശംസയും ഉപഹാരവും കൈമാറി. ഋഷി സുനക്, ഭാര്യ അക്ഷത മൂർത്തി എന്നിവരുമായി ഞായറാഴ്ചയായിരുന്നു മന്ത്രി ജയശങ്കർ കൂടിക്കാഴ്ച നടത്തിയത്.
ജയശങ്കറിനൊപ്പമെത്തിയ ഭാര്യ ക്യോക്കോ ഋഷി സുനക്കിന് ഗണപതിയുടെ പ്രതിമയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഓട്ടോഗ്രാഫ് എഴുതിയ ക്രിക്കറ്റ് ബാറ്റും സമ്മാനിച്ചു. ചിത്രങ്ങൾ ജയശങ്കർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. 'ദീപാവലി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഋഷി സുനക്കിനെ വിളിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു. ഇന്ത്യയും യു.കെയും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ട് പോവുകയാണ്. ബ്രിട്ടനിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും മാന്യമായ ആതിഥ്യത്തിനും നന്ദി' -ജയശങ്കർ എക്‌സിൽ കുറിച്ചു.
യു.കെ വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവർലിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചക്ക് വേണ്ടിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി യു.കെയിലെത്തിയത്. ശനിയാഴ്ച ആരംഭിച്ച യു.കെ സന്ദർശനം നവംബർ 15ന് സമാപിക്കും. യാത്രാപരിപാടിയിൽ മറ്റ് നിരവധി പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും ഉൾപ്പെടുന്നുണ്ട്.
വിദേശകാര്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ വാർത്താകുറിപ്പിൽ ഇന്ത്യയും യു.കെയും തമ്മിൽ വർധിച്ചുവരുന്ന ഉഭയകക്ഷി പങ്കാളിത്തത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. 2021-ൽ സമഗ്രമായ രീതിയിൽ ആരംഭിച്ച പങ്കാളിത്തമാണ് നടന്നുവരുന്നതെന്നും വ്യക്തമാക്കിയിരുന്നു. നവംബർ മൂന്നിന് പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ഋഷി സുനക്കും സ്വതന്ത്ര വ്യാപാര കരാറിന്‍റെ പുരോഗതിയെക്കുറിച്ച് ചർച്ച നടത്തിയിരുന്നു.
ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മികച്ച പ്രകടനത്തിന് സുനക് മോദിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണങ്ങൾക്കിടയിൽ ഇസ്രായേൽ-ഹമാസ് യുദ്ധത്തെക്കുറിച്ചും പരാമർശിച്ചിരുന്നു. മേഖലയിലെ സംഘർഷം ലഘൂകരിക്കേണ്ടതിന്‍റെ ആവശ്യകതയും ചർച്ച ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.