മാണ്ഡ്യയിലെ ക്ഷേത്രത്തിൽ കവർച്ച: മൂന്നു പൂജാരിമാർ അതിക്രൂരമായി കൊല്ലപ്പെട്ടു
text_fieldsബംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ ക്ഷേത്രത്തിൽ ഉറങ്ങികിടക്കുകയായിരുന്ന മൂന്നു പൂജാരിമാരെ തലക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി കവർച്ച. മാണ്ഡ്യയിലെ ഗുട്ടാലുവിലെ ശ്രീ അരകേശ്വര ക്ഷേത്തിലാണ് സംഭവം.
വ്യാഴാഴ്ച രാത്രിയിലുണ്ടായ സംഭവം വെള്ളിയാഴ്ച പുലർച്ചെ ഗ്രാമവാസികൾ ക്ഷേത്ര കവാടം തുറന്നപ്പോഴാണ് അറിഞ്ഞത്. ക്ഷേത്രത്തിലെ പൂജാരിമാരും ബന്ധുക്കളുമായ ഗണേഷ്, പ്രകാശ്, ആനന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
മൂന്നുപേരുടെയും മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഉറങ്ങികിടക്കുന്നതിനിടെ പാറക്കല്ലുകൊണ്ടോ മാരകമായ ആയുധം കൊണ്ടോ തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
കർണാടക മുസ്റായി വകുപ്പിന് (ദേവസ്വം) കീഴിലുള്ള ബി ക്ലാസിലുള്ള ക്ഷേത്രമാണിത്. സുരക്ഷക്കായി മൂന്നുപേരും ക്ഷേത്രത്തിൽ തന്നെയാണ് കിടന്നിരുന്നത്. മൂന്നിലധികം പേർ കൊലപാതക ശ്രമത്തിന് പിന്നിലുണ്ടാകാമെന്നും സംഘർഷമുണ്ടായതിെൻറ തെളിവുകളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു.
ക്ഷേത്രത്തിലെ മൂന്നു വലിയ ഭണ്ഡാരപ്പെട്ടി പുറത്തെത്തിച്ച് പണം മോഷ്ടിച്ചിട്ടുണ്ട്. ഭണ്ഡാരത്തിലെ നാണയങ്ങൾ ഒഴിവാക്കി നോട്ടുകൾ മാത്രമാണ് എടുത്തിട്ടുള്ളത്. വിഗ്രഹമോ സ്വർണാഭരണങ്ങളോ മോഷ്ടിക്കുന്നതിനായി ക്ഷേത്രത്തിലെ ശ്രീകോവിലിെൻ വാതിലും തകർത്ത് അകത്തു കയറിയിട്ടുണ്ട്.
സ്ഥലത്ത് പൊലീസും ഫോറൻസിക് അധികൃതരും പരിശോധന നടത്തിവരുകയാണ്. മാണ്ഡ്യ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.