11കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിൽ വധശിക്ഷ
text_fieldsഗുവാഹതി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. അസമിലെ നഗാവ് ജില്ലയിലെ ഹുസൈനാണ് (19) ജില്ല ജഡ്ജി റീത്ത കർ വധശിക്ഷ നൽകിയത്. കൊലപാതകത്തിന് വധശിക്ഷക്ക് പുറമെ കൂട്ടബലാത്സംഗത്തിന് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. കേസിൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ മറ്റ് അഞ്ച് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കുറ്റക്കാരെന്ന് കണ്ട പ്രായപൂർത്തിയാവാത്ത രണ്ട് പ്രതികളെ നേരത്തെ ജൂവനൈൽ കോടതി മൂന്ന് വർഷത്തേക്ക് ദുർഗുണപരിഹാര പാഠശാലയിലേക്ക് അയച്ചിരുന്നു.
മാർച്ച് 23നാണ് നഗാവിലെ ധനിഅഭേട്ടി ലാലുങ് ഗാവിലെ വീട്ടിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായി മരിച്ചത്. വീട്ടിൽ ഒറ്റക്കായിരുന്ന അഞ്ചാം ക്ലാസുകാരിയെ പ്രതികൾ കൂട്ട ബലാത്സംഗത്തിനിരയാക്കിയശേഷം ശരീരത്തിന് തീയിടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ഗുവാഹതി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു. സംഭവത്തിൽ കേസെടുത്ത ബട്ടാദ്രവ പൊലീസ് എട്ട് പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പോക്സോ നിയമപ്രകാരമായിരുന്നു കേസ്.
സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുകയും അസം നിയമസഭ ബലാത്സംഗത്തിനെതിരായി നിയമനിർമാണം നടത്തുകയും ചെയ്തു. ഇതിനു പുറമെ പൊലീസ് സബ് ഇൻസെപ്ക്ടർമാരിൽ 30 ശതമാനം വനിതസംവരണം പ്രഖ്യാപിക്കുകയും പ്രത്യേക നിയമനം നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.