ഐ.ഐ.ടി കാമ്പസിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകരെ പുറത്താക്കിയെന്ന് ജില്ല പ്രസിഡന്റ്
text_fieldsവരാണസി: ഉത്തർ പ്രദേശിലെ വരാണസി ഐ.ഐ.ടി-ബി.എച്ച്.യു (ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി) കാമ്പസിനുള്ളിൽ ബി.ടെക് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ മൂന്നുപേരെയും പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ബി.ജെ.പി ജില്ല പ്രസിഡന്റ് ഹൻസ്‍രാജ് വിശ്വകർമ അറിയിച്ചു. രണ്ട് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. പ്രതികൾ വഹിച്ചിരുന്ന പദവികൾ വെളിപ്പെടുത്താതിരുന്ന ജില്ല പ്രസിഡന്റ്, തുടർനടപടികൾ പാർട്ടി നേതാക്കളുടെ അഭിപ്രായം തേടിയ ശേഷം തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.
ബി.ജെ.പി ഐ.ടി സെൽ പ്രവർത്തകരായ രണ്ടുപേർ ഉൾപ്പെടെ മൂന്ന് യുവാക്കളാണ് അറസ്റ്റിലായിരുന്നത്. ബി.ജെ.പി ഐ.ടി സെൽ വരാണസി മെട്രോപോളിറ്റൻ കോഓഡിനേറ്റർ കുനാൽ പാണ്ഡെ, സഹകൺവീനർ സാക്ഷാം പട്ടേൽ എന്നിവരും ആനന്ദ് എന്ന അഭിഷേക് ചൗഹാനുമാണ് പിടിയിലായത്. ഇവർ ഉപയോഗിച്ച ബൈക്കും കണ്ടെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
നവംബർ ഒന്നിന് പുലർച്ചെ 1.30നായിരുന്നു നടക്കുന്ന സംഭവം. കാമ്പസിലെ ഗാന്ധി സ്മൃതി ഹോസ്റ്റലിന് സമീപം സുഹൃത്തുമായി സംസാരിക്കുകയായിരുന്നു വിദ്യാർഥിനി. ഇതിനിടെ ബൈക്കിലെത്തിയ സംഘം സുഹൃത്തിനെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ച ശേഷം പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വസ്ത്രം അഴിപ്പിക്കുകയും കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ പകർത്തുകയുമായിരുന്നു. വിദ്യാർഥിനിയുടെ ഫോണും സംഘം പിടിച്ചുവാങ്ങി.
പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമരത്തിനിറങ്ങിയിരുന്നു. കാമ്പസിലെ 170ഓളം സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ മുതിർന്ന ബി.ജെ.പി നേതാക്കളാണ് ഇതുവരെ സംരക്ഷിച്ചതെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.