കൂട്ട ബലാത്സംഗം: വധശിക്ഷ നൽകാൻ നിയമം ഭേദഗതി ചെയ്യണം –കർണാടക ഹൈകോടതി
text_fieldsബംഗളൂരു: കൂട്ടബലാത്സംഗം കൊലപാതകത്തെക്കാൾ ഭീകരമാണെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകാൻ ഇന്ത്യൻ ശിക്ഷാ നിയമം ഭേദഗതി െചയ്യണമെന്നും കർണാടക ഹൈകോടതി.
2012 ഒക്ടോബർ 13ന് ബംഗളൂരു ജ്ഞാനഭാരതി കാമ്പസിന് സമീപം 21കാരിയായ നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴുപേർക്ക് വിചാരണ കോടതി ചുമത്തിയ ജീവപര്യന്തം തടവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ബി. വീരപ്പ, കെ. നടരാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വധശിക്ഷയെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രധാന നിരീക്ഷണം നടത്തിയത്.
ജീവപര്യന്തം ശിക്ഷയിൽ ഇളവ് തേടിക്കൊണ്ടാണ് പ്രതികൾ ഹൈകോടതിയെ സമീപിച്ചത്. സ്വാതന്ത്ര്യം ലഭിച്ച 74 വർഷം പിന്നിട്ടിട്ടും സ്ത്രീകൾ സുരക്ഷിതരല്ല. രാത്രികാലങ്ങളിൽ വനിതകൾക്ക് സ്വതന്ത്രമായി റോഡിലൂടെ നടക്കാൻ എപ്പോഴാണോ കഴിയുന്നത് അന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പറയാമെന്ന രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഒാർക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കൂട്ടബലാത്സംഗ കൊലപാതകത്തിനാണ് നിലവിൽ വധശിക്ഷയുള്ളത്. മരണമില്ലാത്ത കൂട്ടബലാത്സംഗത്തിന് ഐ.പി.സി 376ഡി വകുപ്പ് പ്രകാരം വധശിക്ഷയില്ല. ഒന്നോ അതിൽകൂടുതൽ ആളുകളോ ചേർന്ന് സ്ത്രീയെ ബലാത്സംഗം ചെയ്താൽ 20 വർഷത്തിൽ കുറയാതെയും ജീവിതാവസാനം വരെയും കഠിനതടവ് മാത്രമാണുള്ളത്. എല്ലാത്തരം കൂട്ടബലാത്സംഗത്തിനും വധശിക്ഷ ഉൾപ്പെടുത്തുന്നതിനായി ദേശീയതലത്തിൽ നിലവിലുള്ള നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.