കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു; നാലുപേർ അറസ്റ്റിൽ -വിഡിയോ
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു കൂട്ടബലാത്സംഗം. 20 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം അയൽക്കാർ മുഖത്ത് കരിപൂശി, മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നതോടെ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
കിഴക്കൻ ഡൽഹിയിലെ ഷഹ്‌ദാരയിലാണ് സംഭവം. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു. യുവതിക്ക് സാധ്യമായ എല്ലാ സഹായവും കൗൺസിലിങ്ങും നൽകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതിന് പൊലീസിന് കത്തയച്ചിട്ടുണ്ടെന്ന് ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. യുവതിയെ സന്ദർശിച്ച അവർ, അനധികൃത മദ്യവിൽപ്പനക്കാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കി. യുവതിയുടെ മുഖത്ത് കരിപൂശി, തല മൊട്ടയടിച്ചു. ചെരുപ്പ് മാലയണിയിച്ചാണ് അവളെ തെരുവിലൂടെ നടത്തിയതെന്നും മലിവാൾ പറഞ്ഞു. പെൺകുട്ടിക്കും അവളുടെ കുടുംബത്തിനും സുരക്ഷ നൽകാന്‍ പൊലീസിനോട് വനിതാ കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടിക്കൊണ്ടുപേയി മൂന്നുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞതായി വനിതാ കമീഷൻ അറിയിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീകൾ തന്നെ ബലാത്സംഗം ചെയ്യാൻ പുരുഷന്മാരെ പ്രേരിപ്പിച്ചതായും യുവതി മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ മദ്യവും മയക്കുമരുന്നും വിൽക്കുന്നവരാണെന്നും കമീഷൻ വ്യക്തമാക്കി.
യുവതിയുമായി പ്രണയത്തിലായിരുന്ന അയൽപക്കത്തെ യുവാവ് കഴിഞ്ഞ നവംബറിൽ ആത്മഹത്യ ചെയ്തിരുന്നു. യുവാവിന്‍റെ ആത്മഹത്യക്ക് ഉത്തരവാദിയാണെന്ന് ആരോപിച്ച് ഇയാളുടെ ബന്ധുക്കളാണ് യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയത്. യുവാവിന്‍റെ ആത്മഹത്യക്ക് ശേഷം യുവതി വാടക വീട്ടിലേക്ക് മാറിയിരുന്നു. അവിടെനിന്ന് യുവാവിന്‍റെ അമ്മാവൻ അവളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞു.
സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയെ ഒരു സ്ത്രീയുടെ നേതൃത്വത്തിലാണ് ജനക്കൂട്ടത്തിലേക്ക് കൊണ്ടുവരുന്നത്. ഇവർ യുവതിയെ ചീത്തവിളിക്കുന്നത് വിഡിയോയിൽ കാണാം. ഇത് കേട്ട് കൂടിയിരുന്നവർ കൈയടിക്കുകയും യുവതിയുടെ മുഖത്ത് അടിക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.