പ്രാണവായുവിന്‍റെ പേരിൽ തട്ടിപ്പ്; ഓക്സിജൻ വാഗ്ദാനം ചെയ്ത് ഒന്നരക്കോടി തട്ടിയ ഒമ്പതംഗ സംഘം പിടിയിൽ
text_fieldsന്യൂഡൽഹി: ഓക്സിജൻ സിലിണ്ടർ നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ച സംഘം പിടിയിൽ. രാജ്യത്തുണ്ടായ കോവിഡിന്‍റെ രണ്ടാം തരംഗ സമയത്താണ് ഒൻപതംഗ സംഘം ഓക്സിജൻ സിലിണ്ടറിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയത്. ആയിരത്തിലേറെ പേരിൽ നിന്നായി 1.5 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്.
സരിത ദേവി (36), പിൻകി ദേവി (37), അമിത് റോഷൻ (27), നിതീഷ് കുമാർ (25), സനു നന്ദി (24), സൗമൻ മോൻഡാൽ (35), ഉദ്പൽ ഘോഷ് (35), പവാൻ (26), കമാൽ കാന്ദ് സിൻഹ (31) എന്നിവരെയാണ് ഡൽഹി പൊലീസ് പ്രത്യേക സംഘം ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
ഓക്സിജൻ സിലിണ്ടറികൾ വീടുകളിൽ എത്തിക്കുമെന്ന് പറഞ്ഞ് ഫോൺ നമ്പരുകൾ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയായിരുന്നു സംഘം. തുടർന്ന് തങ്ങളെ ബന്ധപ്പെടുന്നവരോട് സിലിണ്ടറുകൾ വീട്ടുപടിക്കൽ എത്തിക്കണമെങ്കിൽ പണം അഡ്വാൻസായി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കോവിഡ് ചികിത്സയിലിരിക്കെ ഭാര്യക്ക് ഓക്സിജന്‍റെ ആവശ്യം വന്ന സമയത്താണ് വിനോദ് കുമാർ എന്നയാൾ തട്ടിപ്പിനിരയായത്. അഡ്വാൻസായി 25,000 രൂപ അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ട സംഘം, സിലിണ്ടർ വേഗത്തിൽ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും സിലിണ്ടർ ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്തില്ല.
മൊബൈൽ ഫോൺ നമ്പറുകളുടെയും ബാങ്ക് വഴി നടത്തിയ പണമിടപാടുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നായി പ്രതികളെ പിടികൂടിയതെന്ന് സൈബർ സെൽ ഡെപ്യൂട്ടി കമ്മീഷ്ണർ കെ.പി.എസ്. മൽഹോത്ര പറഞ്ഞു.
പ്രതികളുടെ കൈയിൽ നിന്ന് ഒൻപത് മൊബൈൽ ഫോണുകൾ, ഒരു ലാപ്ടോപ്, പതിനൊന്ന് സിം കാർഡുകൾ, ഏഴ് എ.ടി.എം കാർഡ് എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു. വേറെയും നിരവധി വഞ്ചന കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.