താജ് മഹലിനുള്ളിൽ ഗംഗാ ജലം ഒഴിച്ചു; ഹിന്ദുത്വ പ്രവർത്തകർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: താജ് മഹലിനുള്ളിൽ ഗംഗാജലം ഒഴിച്ച രണ്ട് തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകർ അറസ്റ്റിൽ. അഖില ഭാരത ഹിന്ദു മഹാസഭ പ്രവർത്തകരാണ് അറസ്റ്റിലായതെന്ന് താജ്ഗഞ്ജ് പൊലീസ് അറിയിച്ചു. താജ് മഹൽ ‘തേജോ മഹാലയ’ എന്ന ശിവ ക്ഷേത്രമാണെന്ന് വാദിക്കുന്ന ഇവർ സാവൻ മാസത്തോടനുബന്ധിച്ചാണ് പ്ലാസ്റ്റിക് കുപ്പികളിൽ ഗംഗാ ജലവുമായി എത്തിയത്. കെട്ടിടത്തിന്റെ അടിത്തറയിലേക്കുള്ള അടച്ച ഭാഗത്തേക്ക് പ്രതികളിലൊരാൾ പ്ലാസ്റ്റിക് കുപ്പിയിൽനിന്ന് വെള്ളം ഒഴിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
താജ് മഹലിന്റെ സുരക്ഷ ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് എന്ന വ്യാജേനയെത്തിയ പ്രതികൾ ടിക്കറ്റെടുത്ത് അകത്ത് കയറുകയായിരുന്നു. നേരത്തെ അഖില ഭാരത ഹിന്ദു മഹാസഭ അംഗം തന്നെയായ സ്ത്രീ ഗംഗാജലം വഹിച്ചുകൊണ്ട് താജ്മഹലിലേക്ക് മാർച്ച് നടത്തിയിരുന്നെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.
താജ് മഹൽ ശിവക്ഷേത്രമാണെന്നും അവിടെ ആരാധനക്ക് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പ്രാദേശിക കോടതിയിൽ കേസ് നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.