അതീഖ് അഹ്മദ് വധം: പ്രതികൾ ലോറൻസ് ബിഷ്‌ണോയിയെ മാതൃകയാക്കിയെന്ന് പൊലീസ്
text_fieldsപ്രയാഗ് രാജ്: എസ്.പി നേതാവും മുൻ എം.പിയുമായിരുന്ന അതീഖ് അഹ്മദിനെയും സഹോദരൻ അഷ്‌റഫിനെയും വെടിവെച്ച് കൊലപ്പെടുത്തിയ പ്രതികൾ, ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണെന്ന് യു.പി പൊലീസ്. ലൗലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവരാണ് കേസിൽ പിടിയിലായത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതികൾ മാധ്യമപ്രവർത്തകരെന്ന വ്യാജേന വന്ന് അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ചത്.
സണ്ണി സിങ് ആണ് അതീഖ് അഹ്മദിനെ വധിക്കാനുള്ള എല്ലാ പദ്ധതികളും ആസൂത്രണം ചെയ്തതെന്നും ഇയാൾ ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖങ്ങളും വീഡിയോകളും കാണാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലോറൻസ് ബിഷ്‌ണോയിയുടെ വർഗീയ പ്രസംഗങ്ങൾ സണ്ണി സിങിനെ വളരെയേറെ സ്വാധീനിച്ചിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ അംഗങ്ങൾ കഴിഞ്ഞവർഷം മേയിൽ സംഗീതജ്ഞൻ സിദ്ധു മൂസ് വാലയെ വെടിവച്ചു കൊലപ്പെടുത്തിയ പോലെ ഒരു വലിയ കലപാതകം നടപ്പാക്കുകയായിരുന്നു ഇയാളുടെ സ്വപ്നം. സിങിനെതിരേ ഒരു ഡസനിലധികം കേസുകൾ നിലവിലുണ്ട്. അതീഖിനെയും സഹോദരനെയും വെടിവച്ചു കൊല്ലുന്നതിനായി തിവാരിയെയും മൗര്യയെയും സിങ് കൂടെകൂട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പ്രതാപ്ഗഡ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് പൊലീസ് വലയത്തിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോവുന്നതിനിടെ അതീഖിനെയും സഹോദരനെയും അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്. കൈവിലങ്ങിൽ ബന്ധിപ്പിക്കപ്പെട്ട ഇരുവരെയും മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ കാമറയ്ക്കു മുന്നിൽ വച്ചാണ് പ്രതികൾ വെടിയുതിർത്തത്. മാധ്യമ പ്രവർത്തകരെന്ന വ്യാജേനയാണ് പ്രതികൾ എത്തിയതെന്നാണ് പൊലീസ് വാദം.
എന്നാൽ കൊലപാതകം പൊലീസ് തിരക്കഥയുടെ ഭാഗമായി നടപ്പാക്കിയതാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നുണ്ട്. മാത്രമല്ല പ്രതികൾ പൊലീസ് വാഹനത്തിലാണ് സ്ഥലത്തെത്തിയതെന്നും ദൃക്സാക്ഷി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താൻ വ്യാജ ഏറ്റുമുട്ടിലിൽ കൊല്ലപ്പെടുമെന്ന് അതീഖ് നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.