ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയെ ഡൽഹി മണ്ടോലി ജയിലിലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയെ ഗുജറാത്തിലെ ജയിലിൽ നിന്ന് ഡൽഹിയിലെ മണ്ടോലി ജയിലിലേക്ക് മാറ്റി. സുരക്ഷാ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് ബിഷ്ണോയിയെ മണ്ടോലി ജയിലിലേക്ക് മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി.
അർധരാത്രി 12.30ഓടെ ഗുജറാത്തിൽ നിന്ന് വിമാനമാർഗമാണ് ലോറന്‍സ് ബിഷ്ണോയിയെ ഡൽഹിയിൽ എത്തിച്ചത്. മണ്ടോലി ജയിലിലെ പതിനഞ്ചാം നമ്പർ സെല്ലിലാണ് പാർപ്പിച്ചിട്ടുള്ളത്.
ഡൽഹി രോഹിണി കോടതി വെടിവെപ്പ് കേസിലെ മുഖ്യപ്രതി തില്ലു താജ്പുരിയ ഡൽഹി തിഹാർ ജയിലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ബിഷ്ണോയിയെ പ്രത്യേക സെല്ലിൽ പാർപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടൽ തടയുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ജയിൽ അധികൃതർ തീരുമാനം.
പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് പഞ്ചാബ് പൊലീസ് ബിഷ്ണോയിയെ അറസ്റ്റ് ചെയ്തത്.
അതിർത്തി കടന്നുള്ള മയക്കുമരുന്നു കള്ളക്കടത്ത് കേസിൽ കഴിഞ്ഞ മാസം ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് ബിഷ്ണോയിയെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തുടർന്ന് കച്ച് മജിസ്ട്രേറ്റ് കോടതി ബിഷ്ണോയിയെ 14 ദിവസം കസ്റ്റഡിയിൽവിട്ടു. മുമ്പ് എൻ.ഐ.എയുടെയും പഞ്ചാബ് പൊലീസിന്‍റെയും കസ്റ്റഡിയിലായിരുന്നു ഇയാൾ.
മാർച്ച് 23ന് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് ബിഷ്ണോയിയുടെ സംഘത്തിന്‍റെ വധഭീഷണി സന്ദേശം ഇമെയിലിലൂടെ ലഭിച്ചിരുന്നു. സൽമാന് സിദ്ധു മൂസേവാലയുടേതിന് സമാനമായ വിധിയാണെന്നാണ് സന്ദേശത്തിൽ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.