‘ഡൽഹിയിൽ മാലിന്യം തള്ളുന്നത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ, അവിടെ എന്ത് വികസനമാണ് ഉള്ളത്’; ആം ആദ്മി സർക്കാറിനെതിരെ ഉവൈസി
text_fieldsഹൈദരാബാദ്: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഡൽഹിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ എ.എ.പി സർക്കാറിന്‍റെ വികസനത്തെ കുറിച്ച് ചോദ്യം ഉന്നയിച്ച ഉവൈസി, മുസ്ലിംകൾ താമസിക്കുന്ന പ്രദേശങ്ങളിൽ മാലിന്യം തള്ളുകയാണെന്നും ആരോപിച്ചു.
ഡൽഹിയിലെ നിയമസഭ മണ്ഡലങ്ങളിലെ മുസ്‌ലിം ഭൂരിപക്ഷം താമസിക്കുന്ന പ്രദേശങ്ങളിലാണ് മാലിന്യങ്ങൾ തള്ളുന്നത്. ഇത്തരം പ്രദേശങ്ങളിൽ ആശുപത്രികളോ സ്കൂളുകളോ ഇല്ല. ഈ മേഖലകൾ വികസന മുരടിപ്പിലാണെന്നും ഉവൈസി പറഞ്ഞു.
'പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നൽകുന്ന വീടുകളിൽ എത്ര എണ്ണം മുസ്ലിംകൾക്ക് നൽകുന്നുവെന്ന് സർക്കാറിനോട് ആവശ്യപ്പെട്ട് രണ്ടിലധികം വിവരാവകാശ അപേക്ഷകൾ നൽകിയിട്ടുണ്ട്. പദ്ധതി വിഹിതം എത്രയാണ്? സർക്കാർ പദ്ധതിയിൽ മുസ്‌ലിംകളുണ്ടോ?... അത് എ.എ.പി സർക്കാരായാലും കേന്ദ്ര സർക്കാരായാലും എല്ലാ പ്രഖ്യാപനങ്ങളും തെരഞ്ഞെടുപ്പിന് മുമ്പ് മാത്രമാണ് നടത്തുന്നത്' -ഉവൈസി ചൂണ്ടിക്കാട്ടി.
2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിലെത്തിയത്. 70ൽ 67 സീറ്റുകളിൽ വിജയിച്ചിരുന്നു. 2020ൽ 70ൽ 62 സീറ്റുകൾ വിജയിച്ചാണ് രണ്ടാം തവണ എ.എ.പി ഭരണം നിലനിർത്തിയത്.
15 വർഷം ഡൽഹിയിൽ അധികാരത്തിൽ ഉണ്ടായിരുന്ന കോൺഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.