മരണം 12, വീണ്ടും ചോർച്ചയെന്ന് ആശങ്ക
text_fieldsഹൈദരാബാദ്: വിശാഖപട്ടണത്ത് ബഹുരാഷ്ട്ര കമ്പനിയായ എൽ.ജി പോളിമറിൽ വിഷവാതക ദുരന്തത്തിൽ മരണം 12 ആയി. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഒരാൾ വെള്ളിയാഴ്ചയാണ് മരിച്ചത്. ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സയിലുള്ള 316ഓളം പേരുടെ നില മെച്ചപ്പെട്ടു. ആരും വെൻറിലേറ്ററിലില്ലെന്ന് ആന്ധ്ര മെഡിക്കൽ കോളജ് മേധാവി ഡോ. പി.വി. സുധാകർ പറഞ്ഞു. കിങ് ജോർജ് ആശുപത്രിയിൽ മാത്രം 193 പേരാണ് ചികിത്സയിൽ. ആയിരത്തോളം പേരെ ബാധിച്ച അപകടത്തിനുശേഷം ആർ.ആർ വെങ്കടപുരവും സമീപ ഗ്രാമങ്ങളും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.
അതിനിടെ, ഫാക്ടറിയിൽ വീണ്ടും ചോർച്ചയുണ്ടായെന്ന റിപ്പോർട്ട് ആശങ്ക പരത്തി. വെള്ളിയാഴ്ച പുലർച്ച ഒന്നിന് പ്ലാൻറിൽനിന്ന് പുക ഉയർന്നതിനെ തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായത്. അഞ്ചു കിലോമീറ്ററിലുള്ളവരോട് ഉടൻ ഒഴിഞ്ഞുപോകാൻ പൊലീസ് നിർേദശിച്ചു. മാരിപാലം, മാധവധാര, എൻ.എ.ഡി കോത്ത റോഡ്, മുരളി നഗർ എന്നിവിടങ്ങളിൽനിന്ന് ആളുകൾ വീടുവിട്ട് പുറത്തേക്കോടി. വിഷബാഷ്പം നിർവീര്യമാക്കിയതായി പൊലീസ് അറിയിച്ചതിനെ തുടർന്നാണ് ആശങ്കയൊഴിഞ്ഞത്. എന്നാൽ, ചോർച്ചയുണ്ടായില്ലെന്നും മുൻകരുതലായാണ് ജനങ്ങളെ ഒഴിപ്പിച്ചതെന്നും പൊലീസ് വിശദീകരിച്ചു. രണ്ടാമത് ചോർച്ചയുണ്ടായില്ലെന്നും ‘സാങ്കേതിക തകരാറാണെ’ന്നും വാതകം ഉടൻ നിർവീര്യമാക്കിയതായും ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) ഡയറക്ടർ ജനറൽ എസ്.എൻ. പ്രധാൻ അറിയിച്ചു.
സ്റ്റൈറീൻ വിഷവാതകം നിർവീര്യമാക്കാൻ ഗുജറാത്തിലെ സൂറത്തിൽനിന്ന് 500 കിലോ പാര ടെർഷ്യറി ബ്യൂട്ടെയ്ൽ കാതകോൾ എന്ന രാസവസ്തു വിശാഖപട്ടണത്ത് എത്തിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യൻ ശാസ്ത്ര ഗവേഷണ കൗൺസിലിലെ ശാസ്ത്രജ്ഞരും ചേർന്നാണ് നിർവീര്യമാക്കാനുള്ള പ്രവർത്തനം നടത്തുന്നത്. 48 മണിക്കൂറിനകം വിഷവാതകത്തിെൻറ സാന്നിധ്യം അന്തരീക്ഷത്തിൽനിന്ന് തീർത്തും ഇല്ലാതാക്കാനാകുമെന്ന് സംസ്ഥാന മന്ത്രി ഗൗതം റെഡ്ഡി ഗ്രാമീണർക്ക് ഉറപ്പുനൽകി. ഫാക്ടറിക്കുസമീപം അഞ്ചു ഗ്രാമങ്ങളിലെ 2000ത്തോളം പേരെ സുരക്ഷാ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
മാരക രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന നിരവധി ഫാക്ടറികളുള്ള വിശാഖപട്ടണത്ത് വ്യവസായ സുരക്ഷാ മാനദണ്ഡം ലംഘിച്ചതാണ് ദുരന്തകാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. ദക്ഷിണ കൊറിയൻ കമ്പനിയായ എൽ.ജി പോളിമറിനെതിരെ കടുത്ത നടപടിക്ക് പരിസ്ഥിതി- രാഷ്ട്രീയ പ്രവർത്തകർ ആവശ്യമുന്നയിച്ചുകഴിഞ്ഞു. പ്ലാൻറ് പൂട്ടണമെന്ന് മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.