തുഗ്ലക്കാബാദിൽ വാതകം ചോർന്ന് 450 വിദ്യാർഥിനികൾ ആശുപത്രിയിൽ
text_fieldsന്യൂഡൽഹി: വ്യവസായിക ആവശ്യത്തിന് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത വാതകം കണ്ടെയ്നറിൽനിന്ന് ചോർന്ന് ഡൽഹിക്കടുത്ത തുഗ്ലക്കാബാദിൽ 450ഒാളം സ്കൂൾ വിദ്യാർഥിനികളും അധ്യാപകരും ആശുപത്രിയിലായി. വിഷവാതകം ശ്വസിച്ച് കണ്ണെരിച്ചിലും ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ആരുടെയും സ്ഥിതി ഗുരുതരമല്ല. വൈകുന്നേരത്തോടെ എല്ലാവരെയും വിട്ടയച്ചു.
റാണി ഝാൻസി സർവോദയ കന്യാവിദ്യാലയ, ഗവ. ഗേൾസ് സീനിയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളാണ് വാതകച്ചോർച്ചയെ തുടർന്ന് ആശുപത്രിയിലായത്. സംഭവത്തെ തുടർന്ന് മജിസ്ട്രേറ്റുതല അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു. ബന്ധപ്പെട്ട കമ്പനി ഉടമക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച ഇൗ സ്കൂളുകളിൽ നടത്താനിരുന്ന പരീക്ഷ മാറ്റി.
ഒരു ലോറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ചോർന്ന കണ്ടെയ്നറുകൾ. ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾ നടത്തി. ട്രോമ കെയർ പരിചരണ സംവിധാനങ്ങളും ഒരുക്കി. ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, ഡൽഹി പ്രതിപക്ഷനേതാവ് വിജേന്ദർ ഗുപ്ത തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. എയിംസിൽനിന്ന് വിദഗ്ധ ഡോക്ടർമാരെയും നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.