വാതക ചോർച്ച, പിന്നാലെ ഉഗ്ര സ്ഫോടനം; ജയ്പുരിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച സമയത്തെ ദൃശ്യങ്ങൾ പുറത്ത്
text_fieldsജയ്പുർ: രാജസ്ഥാനിലെ ജയ്പുർ -അജ്മീർ ഹൈവേയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനു പിന്നാലെയുള്ള ഭയാനകമായ ദൃശ്യങ്ങൾ പുറത്ത്. ഹൈവേക്ക് സമീപമുള്ള ഒരു കെട്ടിടത്തെ അഗ്നി വലയം ചെയ്യുന്നതും പൊട്ടിത്തെറിക്കു പിന്നാലെ തെരുവിൽ വലിയ തോതിൽ പുക ഉയരുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ഇതുവരെ 11 പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധിപേർക്ക് പൊള്ളലേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ദുരന്തം.
സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ വരെ പുക കാണാമായിരുന്നു. ഏതാനും മണിക്കൂറുകൾ ഹൈവേയിലെ ഗതാഗതവും സ്തംഭിച്ചു. 30ലേറെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ 40ലേറെ പേർ ചികിത്സ തേടിയ എസ്.എം.എസ് ആശുപത്രിയിൽ, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയും ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിംസാറും സന്ദർശനം നടത്തി. പരിക്കേറ്റവരിൽ പകുതിയോളം പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.
ടാങ്കറിനു പിറകിൽ വരികയായിരുന്ന ബസിന് തീപിടിച്ചതിനെ തുടർന്ന് എട്ടു യാത്രക്കാർ പൊള്ളലേറ്റ് മരിക്കുകയായിരുന്നു. ഉദയ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് വരികയായിരുന്നു സ്ലീപ്പർ ബസ്. ഗ്യാസ് ടാങ്കർ അജ്മീറിൽ നിന്ന് ജയ്പൂരിലേക്ക് വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂട്ടിയിടിക്ക് പിന്നാലെ പ്രദേശമാകെ തീഗോളമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.