ഭോപാൽ വിഷ വാതക മാലിന്യം കത്തിക്കുന്നിടത്ത് ആളിക്കത്തി പ്രതിഷേധം; നാട്ടുകാർക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്
text_fieldsഭോപാൽ: ഭോപ്പാൽ വാതക ദുരന്തത്തിന്റെ ശേഷിപ്പായ വിഷ മാലിന്യം തങ്ങളുടെ പ്രദേശത്തെത്തിച്ച് ദഹിപ്പിക്കുന്നതിനെ എതിർത്ത ധാർ ജില്ലയിലെ പിതാംപൂരിലെ പ്രദേശവാസികൾക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്.
അപകടകരമായ 337 ടൺ മാലിന്യമാണ് ജില്ല ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റർ അകലെയുള്ള പിതാംപൂരിൽ എത്തിച്ചത്. വെള്ളിയാഴ്ച വിഷമാലിന്യം ദഹിപ്പിക്കേണ്ട ‘രാംകി എൻവിറോ’ കമ്പനിയിൽ കണ്ടെയ്നറുകൾ എത്തിയതിനെ തുടർന്ന് പ്രതിഷേധം ആളിക്കത്തി. മാലിന്യ നിർമാർജ്ജനത്തിനെതിരെ സ്വയം തീകൊളുത്തിയ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാംകി എൻവിറോക്ക് ചുറ്റും അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ട് ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ സെക്ഷൻ 163 പ്രകാരം ജില്ലാ അധികൃതർ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ആയിരക്കണക്കിനു പേർ തെരുവിലിറങ്ങി. പ്രതിഷേധക്കാർക്കെതിരിൽ പൊലീസ് ലാത്തി പ്രയോഗിച്ചു.
കാർബൈഡ് മാലിന്യം ആസൂത്രിതമായി കത്തിക്കുന്നത് പ്രദേശവാസികൾക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുമെന്ന് ആരോപിച്ച് ‘പീതാംപൂർ ബച്ചാവോ സമിതി’ ബന്ദ് ആചരിച്ചിരുന്നു. ഇൻഡോറിലെ മഹാത്മാഗാന്ധി മെമ്മോറിയൽ ആശുപത്രിയിലെ അലുമ്‌നി അസോസിയേഷനിലെ ഡോക്ടർമാർ മതിയായ പരിശോധനകളില്ലാതെ എന്ന് ആരോപിച്ച് മാലിന്യ നിർമാർജന പ്രക്രിയയെ ചോദ്യം ചെയ്ത് ഹരജി സമർപ്പിച്ചിട്ടുണ്ട്.
കർശന നിയന്ത്രണങ്ങളോടെയും കനത്ത സുരക്ഷയിലും ആണ് 40 വർഷം മുമ്പ് ഭോപ്പാലിൽ നടന്ന യൂനിയൻ കാർബൈഡ് വിഷ ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ വഹിച്ചുകൊണ്ടുള്ള കണ്ടെയ്നറുകൾ ഇവിടെ എത്തിച്ചത്. ആംബുലൻസ്, പൊലീസ് വാഹനങ്ങൾ, അഗ്നിശമന സേന എന്നിവയുടെ അകമ്പടിയോടെ 250 കിലോമീറ്റർ നീളമുള്ള ‘ഹരിത ഇടനാഴി’യിലൂടെയാണ് വിഷ മാലിന്യങ്ങൾ കടത്തിയത്.
ഇൻഡോറിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പിതാംപൂരിൽ ഏകദേശം 1.75 ലക്ഷം ജനസംഖ്യയുണ്ട്. പിതാംപൂർ വ്യവസായ മേഖലയിൽ മൂന്ന് ഭാഗങ്ങളിലായി 700 ഓളം ഫാക്ടറികളുമുണ്ട്. ‘റാംകി എൻവിറോ’ മാലിന്യ സംസ്‌കരണ പ്ലാന്റിൽ ഭൂമിയിൽ നിന്ന് 25 അടി ഉയരത്തിൽ നിർമിച്ച പ്രത്യേക തടി പ്ലാറ്റ്ഫോമിലാണ് മാലിന്യം കത്തിക്കുന്നത്. കത്തുന്ന പ്രക്രിയയും കർശനമായ ശാസ്ത്രീയ പ്രോട്ടോക്കോളുകൾ പാലിക്കുമെന്നാണ് അധികൃതർ പറയുന്നത്.
എത്തിക്കുന്നതിനു മുന്നോടിയായി ഫാക്ടറിയുടെ 200 മീറ്റർ ചുറ്റളവിൽ കൊട്ടിയടച്ചു. 12 പ്രത്യേകം രൂപകല്പന ചെയ്ത ലീക്ക് പ്രൂഫ്, ഫയർ റെസിസ്റ്റന്റ് പെട്ടികളിലാണ് ഇത് കയറ്റിയത്. 30 ടൺ മാലിന്യവുമായി ഓരോ ട്രക്കുകളും ഇവിടെയെത്തി. രാസപ്രവർത്തനങ്ങൾ തടയുന്നതിനായി ജംബോ എച്ച്.ഡി.പി.ഇ ബാഗുകളിൽ പാക്ക് ചെയ്തു. 200ഓളം തൊഴിലാളികൾ ഈ പ്രക്രിയയിൽ ഏർപ്പെട്ടിരുന്നു. അവർ 30 മിനിറ്റ് ഹ്രസ്വ ഷിഫ്റ്റുകളിലായി ജോലി ചെയ്തു. പി.പി.ഇ കിറ്റുകളുടെ ഉപയോഗം ഉൾപ്പെടെ കർശനമായ സുരക്ഷാ നടപടികൾ എടുത്തിരുന്നു.
വിഷ മാലിന്യത്തിൽ മണ്ണ്, കീടനാശിനി അവശിഷ്ടങ്ങൾ, ഉൽപ്പാദന പ്രക്രിയകളിൽ നിന്ന് അവശേഷിക്കുന്ന രാസവസ്തുക്കൾ എന്നിവയുൾപ്പെടെ അഞ്ച് തരം അപകടകരമായ വസ്തുക്കൾ ഉൾപ്പെടുന്നു. മീഥൈൽ ഐസോസയനേറ്റ് വാതകം പുറന്തള്ളപ്പെട്ട് 5,000ത്തിലധികം പേരുടെ ജീവനെടുത്ത ഭോപ്പാൽ വാതക ദുരന്തത്തിന് ഏകദേശം 40 വർഷങ്ങൾക്ക് ശേഷമാണ് നിർമാർജന പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.