വീട്ടിൽ ഒരുമിച്ചുകൂടി നമസ്‌കാരം: കേസ് പിൻവലിച്ചു; പരാതി അടിസ്ഥാനരഹിതമെന്ന് പൊലീസ്
text_fieldsലഖ്‌നൗ: മുൻകൂർ അനുമതിയില്ലാതെ വീട്ടിൽ ഒരുമിച്ചുകൂടി നമസ്‌കാരം നടത്തിയെന്നാരോപിച്ച് ഉത്തർ പ്രദേശിലെ മൊറാദാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിച്ചു. അന്വേഷണത്തിൽ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
മൊറാദാബാദ് ജില്ലയിലെ ദുൽഹെപൂർ ഗ്രാമത്തിലുള്ള 26 മുസ്‍ലിംകൾക്കെതിരെ ആഗസ്റ്റ് 24നാണ് പൊലീസ് കേസെടുത്തത്. ഇതര സമുദായക്കാരായ അയൽവാസികളുടെ എതിർപ്പ് വകവെക്കാതെ വീണ്ടും പ്രാർഥന ചടങ്ങ് സംഘടിപ്പിച്ചതിനാലാണ് കേസെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് സന്ദീപ് കുമാർ മീണ പറഞ്ഞിരുന്നു.
പ്രദേശവാസികൾ ഒരുമിച്ചുകൂടി കൂട്ടമായി നമസ്കരിക്കുന്നെന്നും ഇവർ വിദ്വേഷം പ്രചരിപ്പിക്കുന്നെന്നും ആരോപിച്ച് ചന്ദ്രപാൽ സിങ് എന്നയാളാണ് പൊലീസിൽ പരാതി നൽകിയത്. വാഹിദ്, മുസ്തഖീം എന്നിവരുടെ വീട്ടിൽവെച്ചാണ് നമസ്കാരം നടന്നതെന്നും ഗ്രാമത്തിൽ സമാധാനം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് പരാതി നൽകിയതെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.
പരാതിയിൽ കേസെടുത്തതിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. കേസ് പക്ഷപാതപരവും യുക്തിയില്ലാത്തതുമാണെന്ന ആരോപണവുമായി സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങളാണുണ്ടായത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, അസദുദ്ദീൻ ഉവൈസി എം.പി അടക്കമുള്ളവർ ഇതിനെതിരെ പ്രതികരിച്ചിരുന്നു.
സംഭവം അന്വേഷിക്കാൻ ഗ്രാമത്തിലെത്തിയ പൊലീസ് പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതായി പൊലീസ് പുറത്തുവിട്ട വിഡിയോയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.