വീണ്ടും ഗോരക്ഷാ ഗുണ്ടായിസം; ഹരിയാനയിൽ പശുക്കളുമായി പോയയാളെ വെടിവെച്ചു കൊന്നു
text_fieldsന്യൂഡൽഹി: രാജസ്ഥാൻ- ഹരിയാന അതിർത്തിയിൽ പശുക്കളുമായി പോവുകയായിരുന്നയാളെ ഗോരക്ഷാ ഗുണ്ടകൾ വെടിവെച്ചുകൊന്നു. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഗോവിന്ദ് ഗന്ദിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം. ഹരിയാനയിലെ മേവാതിൽ നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളുമായി പോവുകയായിരുന്ന ഉമ്മർ മുഹമ്മദാണ് കൊല്ലെപ്പട്ടത്. ഉമ്മറിനോടൊപ്പമുണ്ടായിരുന്ന രണ്ടു സഹായികൾക്ക് പരിക്കേറ്റിട്ടുണ്ട്.
പുലർച്ചെ അഞ്ചോടുകൂടെയാണ് സംഭവം നടക്കുന്നത്. ഉമ്മറിനെ വെടിവെക്കുക മാത്രമല്ല, അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗ്രാമ മുഖ്യൻ ഷേർ മുഹമ്മദ് പറഞ്ഞു. വെടിവെച്ച് കൊന്നശേഷം അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ ഒാടുന്ന ട്രെയിനിനു മുന്നിലേക്കിട്ടു. എന്നാൽ തലയും ഇടതുകൈയും മാത്രമേ ട്രെയിനിനടിയിൽ പെട്ടുള്ളു. വെടിയേറ്റ ശീരഭാഗമുൾപ്പെടെ ട്രെയിനിനടിയിൽ െപട്ടിട്ടില്ലെന്നും ഗ്രാമമുഖ്യൻ പറഞ്ഞു.
സംഭവത്തെ തുടർന്ന് മേവാതിയിൽ വൻ പ്രതിഷേധം രൂപപ്പെട്ടു. സംഭവം നടക്കുേമ്പാൾ പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നെന്നും എന്നാൽ അക്രമം തടയാൻ അവരൊന്നും ചെയ്തില്ലെന്നും കൊല്ലപ്പെട്ട ഉമ്മറിെൻറ ബന്ധുക്കൾ ആരോപിക്കുന്നു. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ഒരു എഫ്.െഎ. ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
ചെരിപ്പു കണ്ടാണ് ബന്ധുക്കൾ ഉമ്മറിനെ തിരിച്ചറിഞ്ഞത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസ് രജിസ്റ്റർ ചെയ്യാതെ മൃതദേഹം സ്വീകരിക്കുകയോ സംസ്കരിക്കുകയോ ചെയ്യില്ലെന്ന് ബന്ധവുക്കൾ അറിയിച്ചു. സംഭവം അറിഞ്ഞ് ആശുപത്രിയിെലത്തിയിേട്ട ഉള്ളൂവെന്നും കുറ്റവാളികളെ അറിയില്ലെന്നും ഉമ്മറിെൻറ സഹോദരൻ ഖുർശിദ് പറഞ്ഞു. ആരാണ് കൊന്നതെന്നോ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നോ അറിയില്ല. ശക്തമായ അന്വേഷണം ആവശ്യമാണെന്നും ഖുർശിദ് കൂട്ടിച്ചേർത്തു.
ഏഴു മാസങ്ങൾക്ക് മുമ്പ് പെഹ്ലു ഖാൻ എന്ന ക്ഷീര കർഷകനെ ശോരക്ഷാ ഗുണ്ടകൾ കൊലപ്പെടുത്തിയതും അൽവാറിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.