ഗൗരി ലങ്കേഷ് വധം; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
text_fieldsബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കർണാടക ഹൈകോടതി. സ്വാഭാവിക ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ ഋഷികേഷ് ദേവ്ദികർ സമർപ്പിച്ച ഹരജിയാണ് ഹൈകോടതി തള്ളിയത്. മഹാരാഷ്ട്ര സ്വദേശിയായ ഋഷികേശ് 2020 ജനുവരിയിലാണ് അറസ്റ്റിലായത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 167(2) വകുപ്പ് പ്രകാരം സ്വാഭാവിക ജാമ്യത്തിന് തനിക്ക് യോഗ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സമർപ്പിച്ച ഹരജി സെഷൻസ് കോടതി തള്ളിയിരുന്നു. വിധിയെ ചോദ്യം ചെയ്ത് ഋഷികേശ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
കൊലക്കേസിൽ അറസ്റ്റ് ചെയ്ത് 90 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. എന്നാൽ 2020 ഏപ്രിൽ വരെ തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. അതിനാൽ സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. അതേസമയം, അറസ്റ്റുചെയ്യുന്നതിന് മുമ്പുതന്നെ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ജാമ്യാപേക്ഷ ഹൈകോടതി തള്ളുകയായിരുന്നു.
2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നില്‍ തീവ്രഹിന്ദുത്വ പ്രവർത്തകരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 18 പേരെ പ്രതിചേർത്ത് 9325 പേജുള്ള കുറ്റപത്രം 2018 നവംബർ 23നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സമർപ്പിച്ചത്. സനാതൻ സൻസ്ത ഉൾപ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള പരശുറാം വാഗ്മൊറെ എന്നയാൾ ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്തതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.