ഗൗരി ലങ്കേഷിനെ വധം: പ്രതികൾക്ക് സഹായം നൽകിയത് മോഹൻ
text_fieldsബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ കഴിഞ്ഞദിവസം പിടിയിലായ ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ സംപജെ സ്വദേശി മോഹൻ നായകിന് (50) പ്രതികളുമായി അടുത്ത ബന്ധമെന്ന് പ്രത്യേക അന്വേഷണ സംഘം. തീവ്ര ഹിന്ദുത്വ സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന മോഹൻ ബംഗളൂരുവിൽ മൈസൂരു റോഡിൽ കുമ്പളഗോഡിൽ അക്യുപങ്ചർ ക്ലിനിക് നടത്തിവരുകയായിരുന്നു. ഇയാൾ ഹോമിയോ ഡോക്ടറാണെന്നും വിവരമുണ്ട്.
ഗോവയിലും മുബൈയിലും നടന്ന മതപ്രഭാഷണ പരിപാടികൾക്കിടെയാണ് മോഹൻ, ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ അമോൽ കാലെയുമായി പരിചയത്തിലാകുന്നത്. 2016 മുതൽ അമോൽ കാലെയുമായി സൗഹൃദത്തിലായിരുന്ന മോഹൻ, തെൻറ അക്യുപങ്ചർ ക്ലിനിക് ഒഴിഞ്ഞുകൊടുത്ത് കൊലയാളികൾക്ക് താമസസൗകര്യം ഒരുക്കി നൽകുകയായിരുന്നുവെന്നാണ് വിവരം. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തുകയാെണന്ന രഹസ്യം അറിഞ്ഞുകൊണ്ടാണ് മോഹൻ നായക് പ്രതികൾക്ക് താമസ സൗകര്യം ഒരുക്കിയതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ബംഗളൂരുവിൽ ക്ലിനിക് നടത്താനായി വാടകക്കെടുത്ത മുറി പ്രതികൾക്ക് താമസിക്കാൻ ഒഴിഞ്ഞുകൊടുത്ത് അദ്ദേഹം നാട്ടിലേക്ക് പോവുകയായിരുന്നു. ഇവിടെവെച്ചാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് വിവരം. മുറി നൽകിയതു കൂടാതെ ഗൂഢാലോചന നടത്താൻ അമോൽ കാലെക്ക് തെൻറ ഫോണും മോഹൻ നൽകി. 2017 സെപ്റ്റംബർ അഞ്ചിന് രാജരാജേശ്വരി നഗറിലെ വീടിന് മുന്നിൽവെച്ച് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്കു മുമ്പ് കൊലപാതകിയായ പരശുറാമിന് 7.65 എം.എം തോക്ക് കൈമാറിയതും മോഹനാണെന്ന് വ്യക്തമായി.
കഴിഞ്ഞദിവസം രാത്രി ദക്ഷിണ കന്നട കുടക് അതിർത്തിയിൽവെച്ച് പിടികൂടിയ മോഹനെ ആറു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം, പുരോഗമനവാദിയായ പ്രഫ. കെ.എസ്. ഭഗവാനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിെൻറ കുറ്റപത്രം പൊലീസ് സമർപ്പിച്ചു. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ അഞ്ചുപേരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.