ഗൗരി വധം: അന്വേഷണം തീവ്രഹിന്ദുത്വ സംഘടനകളെ കേന്ദ്രീകരിച്ച്
text_fieldsബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ എസ്.ഐ.ടി അന്വേഷണം തീവ്രഹിന്ദുത്വസംഘടനകളെ കേന്ദ്രീകരിച്ച്. പുരോഗമനവാദികളായ ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാഭോൽകർ, എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകങ്ങൾക്കുസമാനമായി ഗൗരിയുടെ വധത്തിനുപിന്നിലും ഹിന്ദുത്വസംഘടനകളാകാമെന്ന നിഗമനത്തിലാണ് ഒടുവിൽ അന്വേഷണസംഘം എത്തിയിരിക്കുന്നത്.
കൽബുർഗി വധക്കേസ് അന്വേഷിക്കുന്ന സി.ഐ.ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എസ്.ഐ.ടി സംഘത്തോടൊപ്പം ചേർന്നിട്ടുണ്ട്. കൽബുർഗിവധത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന, ഗോവ ആസ്ഥാനമായുള്ള സനാതൻ സൻസ്തയുടെ നേതാവ് രുദ്രാ പാട്ടീലിന് ഗൗരിവധത്തിലും പങ്കുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു. കൽബുർഗി കേസിൽ സി.ഐ.ഡി ഇദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2009 ഗോവസ്ഫോടനത്തിലെ പ്രതിയായ ഇദ്ദേഹം ഒളിവിലാണ്. പാട്ടീലിനെ പിടികൂടാനായാൽ ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായകവിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
നഗരത്തിലെ തീവ്രഹിന്ദുത്വസംഘടനകളുടെ ഓഫിസുകളിൽ എസ്.ഐ.ടി കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു ഏതാനും രേഖകൾ പിടിച്ചെടുത്തു. കൂടാതെ, ഗൗരിയെ വധിക്കാൻ ഉപയോഗിച്ച തോക്കു കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കൽബുർഗിയെയും ഗൗരിയെയും വധിക്കാൻ ഉപയോഗിച്ചത് ഒരേ വിഭാഗത്തിലുള്ള തോക്കു തന്നെയാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കൊലയാളികളെത്തിയത് ബജാജ് പൾസർ ബൈക്കിലാണെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ നമ്പർ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.