ഗൗരി ലങ്കേഷ് വധം: മൂന്ന് പ്രതികളുടെ രേഖാ ചിത്രം പുറത്തുവിട്ടു
text_fieldsബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലയാളികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങൾ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പുറത്തുവിട്ടു. സി.സി.ടി.വി ദൃശ്യങ്ങളുടെയും ദൃക്സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് രേഖാചിത്രങ്ങൾ തയാറാക്കിയത്. രണ്ടുപ്രതികളുടെ മൂന്നു ചിത്രങ്ങളാണ് ശനിയാഴ്ച ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടത്. ഇവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് എസ്.ഐ.ടി തലവൻ ബി.കെ. സിങ് പറഞ്ഞു.
പ്രതികൾ 25നും 30നും ഇടയിൽ പ്രായമുള്ളവരാണ്. കൊല നടത്താനായി ഇവർ നഗരത്തിൽ ഒരാഴ്ചയോളം തങ്ങിയിട്ടുണ്ട്. ഇത് ഒരുമാസം വരെയാകാമെന്നും പൊലീസ് സംശയിക്കുന്നു. ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. കൊലക്ക് കാരണം തൊഴിൽപരമായ ശത്രുതയല്ല. ഈ രണ്ടു പ്രതികളെ കണ്ടെത്തുന്നതിൽ മാത്രമാണ് ഇപ്പോൾ എസ്.ഐ.ടി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും സിങ് വ്യക്തമാക്കി. വിദഗ്ധരുടെ സഹായത്തോടെയാണ് രേഖാചിത്രം തയാറാക്കിയത്.
പ്രതികളിലൊരാളുടെ നെറ്റിയിൽ കുറി വരച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് ഉറപ്പിക്കാനാകില്ല. അവ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ചെയ്തതാകാമെന്നും സിങ് പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. ഇവരെ പിടികൂടാൻ പൊതുജനത്തിെൻറ സഹായം ആവശ്യമാണ്. അതുകൊണ്ടാണ് രേഖാചിത്രങ്ങൾ പുറത്തുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 250ഓളം പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. പ്രതികളെത്തിയ ബൈക്ക് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. ഗൗരിയുടെ വീടിനുമുന്നിലൂടെ പ്രതി ബൈക്കിൽ പോകുന്നതിെൻറ രണ്ടു വിഡിയോ ക്ലിപ്പുകളും പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.