ഗൗരി ലങ്കേഷ് വധം: പ്രത്യേക സംഘം അന്വേഷിക്കും, രാജ്നാഥ് സിങ് റിപ്പോർട്ട് തേടി
text_fieldsബംഗളുരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹോം സെക്രട്ടറിയോട് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടത്. കൊലപാതകത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം,കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് സർക്കാർ സന്നദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐ.ജിയായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക. ഗൗരിയുടെ കൊലപാതകം ആസൂത്രിതമാണെന്നും അന്വേഷണത്തിനായി എത്ര ഉദ്യോഗസ്ഥരെ വേണമെങ്കിൽ തെരഞ്ഞെടുക്കാമെന്ന് ഡി.ജി.പിയെ താൻ അറിയിച്ചിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.
പാർക്കിങ് ഏരിയയിലും ഗേറ്റിനരികിലും വീടിന്‍റെ മുൻവശത്തെ വാതിലിലും പിൻഭാഗത്തുമായി ഗൗരി ലങ്കേഷിന്‍റെ വീട്ടിൽ നാല് കാമറകളാണുണ്ടായിരുന്നത്. ഇതിൽ ഒരു കാമറയിൽ ഗൗരി കാറിൽ നിന്നിറങ്ങി ഗേറ്റ് തുറക്കുന്ന ദൃശ്യമാണുള്ളത്. ഗേറ്റിൽ നിന്നും വീടിനകത്തേക്ക് പ്രവേശിക്കുന്നതിന് ഏതാനും അടി അകലെവെച്ചാണ് ഹെൽമറ്റ് ധരിച്ച അക്രമി വെടിയുതിർത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ഗൗരിയുടെ കുടുംബാംഗങ്ങൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നിർബന്ധമാണെങ്കിൽ അന്വേഷണം സി.ബി.ഐക്ക് വിടാൻ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകികളെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ തയാറായില്ലെങ്കിലും ഭീരുക്കൾക്ക് മാത്രമേ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാൻ കഴിയൂയെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഇതിനിടെ കൊലപാതകത്തില്‍ നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. ഓഫീസില്‍ നിന്നും വീട്ടിലേക്കുളള വഴിയില്‍ കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ ഹെല്‍മെറ്റ് ധരിച്ച അക്രമിയുടെ ദൃശ്യം ഉണ്ടെന്നാണ് സൂചന. രാത്രിയില്‍ വെളിച്ചം കുറവായതിനാല്‍ ദൃശ്യങ്ങള്‍ അവ്യക്തമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ആകെ ഏഴുവട്ടമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇതില്‍ നാല് വെടിയുണ്ടകള്‍ വീടിന്‍റെ ഭിത്തിയിലാണ് തറച്ചത്. മൂന്നെണ്ണം അവരുടെ ദേഹത്തും. കൊലപാതകം നടന്ന സമയത്ത് രണ്ട് ബൈക്കുകളുടെ ശബ്ദം കേട്ടെന്ന് അയല്‍വാസി മൊഴിനല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.