‘പവാർ സാഹിബിന്റെ മനസ്സ് ലോകത്ത് ഒരു ശക്തിക്കും വായിക്കാനാകില്ല, ഞങ്ങളുടെ അമ്മായിക്ക് പോലും’ - ബി.ജെ.പി, എൻ.സി.പി യോഗത്തിൽ അദാനി വന്നെന്ന് അജിത് പവാർ
text_fieldsമുംബൈ: ബി.ജെ.പി-അവിഭക്ത എൻ.സി.പി യോഗത്തിൽ ഗൗതം അദാനിയുടെ സാന്നിധ്യം വെളിപ്പെടുത്തി ഉപമുഖ്യമന്ത്രി അജിത് പവാർ. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം എൻ.സി.പിയുമായി ചേർന്ന് സർക്കാറുണ്ടാക്കാൻ ബി.ജെ.പി നടത്തിയ യോഗത്തിലാണ് അദാനി ഉണ്ടായിരുന്നതെന്ന് അജിത് വെളിപ്പെടുത്തി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ‘ദി ന്യൂസ് മിനിറ്റിന്’ നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
അഞ്ച് വർഷം മുമ്പ് യോഗം നടന്നത് എവിടെയാണെന്ന് എല്ലാവർക്കും അറിയാം. അമിത് ഷാ, ഗൗതം അദാനി, ദേവേന്ദ്ര ഫഡ്നാവിസ്, ശരദ് പവാർ, അജിത് പവാർ, പ്രഫുൽ പട്ടേൽ എല്ലാവരും ഉണ്ടായിരുന്നു -അജിത് പറഞ്ഞു. പവാർ പറഞ്ഞത് അനുസരിക്കുകയായിരുന്നു താനെന്നും കൂട്ടിച്ചേർത്തു.
ചർച്ചക്ക് ശേഷമാണ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം അജിത് പുലർച്ച സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ, പവാർ വിട്ടുനിന്നു. മൂന്നാം ദിവസം ആ സർക്കാർ വീണു. ശിവസേനയും കോൺഗ്രസും എൻ.സി.പിയും ചേർന്ന് പിന്നീട് സർക്കാറുണ്ടാക്കി.
എന്തുകൊണ്ടാണ് പവാർ പിന്മാറിയതെന്ന ചോദ്യത്തിന് ‘പവാർ സാഹിബിന്റെ മനസ്സ് ലോകത്ത് ഒരു ശക്തിക്കും വായിക്കാനാകില്ല’ എന്നായിരുന്നു മറുപടി. ഞങ്ങളുടെ ‘അമ്മായി’ക്കും സുപ്രിയക്കുപോലും അതിനാകില്ല -അജിത് പറഞ്ഞു. അത്തരം യോഗം നടന്നതായി തന്റെ അറിവിലില്ലെന്ന് സുപ്രിയ സുലെ പറഞ്ഞു. അദാനിയുടെ സാന്നിധ്യത്തെ ചോദ്യം ചെയ്ത് ഉദ്ധവ് പക്ഷ ശിവസേന രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.