പ്രധാനമന്ത്രിയെ 'ഗൗതം ദാസ് മോദി' എന്ന് വിളിച്ച കേസ്; പവൻ ഖേരക്ക് ജാമ്യം
text_fieldsലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'നരേന്ദ്ര ഗൗതം ദാസ് മോദി' എന്ന് വിളിച്ച കേസിൽ കോൺഗ്രസ് വക്താവ് പവൻ ഖേരക്ക് ലഖ്നോ കോടതി ജാമ്യം അനുവദിച്ചു. മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ വിമർശിച്ചാണ് കഴിഞ്ഞ ഫെബ്രുവരിയിൽ വാർത്തസമ്മേളനത്തിനിടെ പവൻ ഖേര 'നരേന്ദ്ര ഗൗതം ദാസ് മോദി' എന്ന് പരിഹസിച്ചത്. ഇതേത്തുടർന്ന് ഖേരക്കെതിരെ അസമിലും യു.പിയിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇന്നലെ ലഖ്നോ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായ ഖേരയെ 25,000 രൂപയുടെയും രണ്ട് പേരുടെ ആൾജാമ്യത്തിലുമാണ് വിട്ടയച്ചത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഖേരക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഫെബ്രുവരിയിൽ അദാനിയുടെ ഓഹരി തട്ടിപ്പ് സംബന്ധിച്ച ഹിൻഡൻബർഗ് റിപ്പോർട്ട് കത്തിനിൽക്കെയാണ് പ്രധാനമന്ത്രിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ച് പവൻ ഖേര 'നരേന്ദ്ര ഗൗതം ദാസ് മോദി' എന്ന പ്രസ്താവന നടത്തിയത്.
പ്രസ്താവനയിൽ കേസെടുത്ത അസം പൊലീസ് ഫെബ്രുവരി 23ന് പവൻ ഖേരയെ ഡൽഹി വിമാനത്താവളത്തിൽ വിമാനത്തിൽനിന്നിറക്കി അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വിഷയം പരിഗണിച്ച സുപ്രീംകോടതി അന്നു തന്നെ ഖേരക്ക് ഇടക്കാല ജാമ്യം അനുദിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.