ഇന്ത്യൻ ടീം പാകിസ്താനിലേക്കില്ലെങ്കിൽ പാക് ടീം ഇന്ത്യയിലേക്കും വരില്ല; ബി.സി.സി.ഐ-പി.സി.ബി തർക്കത്തിൽ മറുപടിയുമായി ഗംഭീർ
text_fields2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് ജയ് ഷാ നിർദ്ദേശിച്ചതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബി.സി.സി.ഐ) പാകിസ്താൻ ക്രിക്കറ്റ് ബോർഡും (പി.സി.ബി) തമ്മിൽ തർക്കം രൂക്ഷമാകുന്നു. ഷായുടെ പരാമർശത്തിന് മറുപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തലവൻ റമീസ് രാജ രംഗത്തെത്തി. ഏഷ്യാ കപ്പിനായി ഇന്ത്യൻ താരങ്ങൾ പാകിസ്താനിലേക്ക് വന്നില്ലെങ്കിൽ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനായി തന്റെ ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് പി.സി.ബി ചെയർമാൻ പ്രതികരിച്ചു.
മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ രാജയുടെ അഭിപ്രായത്തോട് പ്രതികരണവുമായി രംഗത്തെത്തി. രണ്ട് ബോർഡുകളും എന്ത് തീരുമാനമെടുത്താലും അത് കൂട്ടായി എടുക്കുന്ന തീരുമാനം ആയിരിക്കുമെന്ന് ഗംഭീർ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. "ഇത് ബി.സി.സി.ഐയുടെയും പി.സി.ബിയുടെയും തീരുമാനമാണ്. എന്ത് തീരുമാനമെടുത്താലും അവർ ഒരുമിച്ച് എടുക്കും" -അദ്ദേഹം എ.എൻ.ഐയോട് പറഞ്ഞു. ബി.സി.സി.ഐ തങ്ങളുടെ ടീമിനെ ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് അയച്ചില്ലെങ്കിൽ അടുത്ത വർഷം ഏകദിന ലോകകപ്പിനായി പാകിസ്താൻ ടീം ഇന്ത്യയിലേക്ക് പോകില്ലെന്ന് റമീസ് രാജ 'ഉർദു ന്യൂസി'നോട് നേരത്തേ പറഞ്ഞിരുന്നു.
"അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ പാകിസ്താൻ പങ്കെടുത്തില്ലെങ്കിൽ, ആരാണ് അത് കാണുന്നത്? ഞങ്ങൾക്ക് വ്യക്തമായ നിലപാടുണ്ട്. ഇന്ത്യൻ ടീം ഇവിടെ വന്നാൽ ഞങ്ങൾ ലോകകപ്പിന് പോകും. അവർ വന്നില്ലെങ്കിൽ. അപ്പോൾ ഞങ്ങളില്ലാതെ അവർക്ക് ലോകകപ്പ് കളിക്കാം. ഞങ്ങൾ ശക്തമായ സമീപനം സ്വീകരിക്കും. ഞങ്ങളുടെ ടീം പ്രകടനമാണ് കാണിക്കുന്നത്'' -രാജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.