നാലു വിധികൾ; ഏകകണ്ഠം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ശിക്ഷ നിയമം 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ നാലു വ്യത്യസ്ത വിധിന്യായങ്ങളുണ്ട്. എന്നാൽ, നിലപാട് ഏകകണ്ഠം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാൻവിൽകർ എന്നിവർ ചേർന്നാണ് ഒരു വിധിന്യായം എഴുതിയത്. ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് റോഹിൻടൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവർ വെവ്വേറെ എഴുതി.
സ്വവർഗ രതിയുമായി ബന്ധപ്പെട്ട ദുർവ്യാഖ്യാനങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് വിധിന്യായത്തിൽ സുപ്രീംകോടതി നിർദേശിച്ചു. ആൺ-പെൺ ഭേദം നോക്കാതെയുള്ള അനുരാഗത്തെക്കുറിച്ചും രതിയെക്കുറിച്ചും ചിന്തിക്കുന്നവരോട് സമൂഹം മാപ്പു പറയേണ്ടതുണ്ടെന്നാണ് ബെഞ്ചിലെ വനിതാ അംഗം ജസ്റ്റിസ് ഇന്ദു മൽേഹാത്ര അഭിപ്രായപ്പെട്ടത്.
സ്വവർഗാനുരാഗികളുടെ പ്രശ്നം 2001ൽ സന്നദ്ധ സംഘടനയായ നാസ് ഫൗണ്ടേഷനാണ് ഡൽഹി ഹൈകോടതിയിൽ എത്തിച്ചത്. സ്വവർഗ ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കി 2009ൽ ഹൈകോടതി ഉത്തരവിട്ടു. എന്നാൽ, കേസ് സുപ്രീംകോടതിയിൽ എത്തി. ഹൈകോടതി വിധി അസാധുവാക്കുന്നതായിരുന്നു 2013ലെ സുപ്രീംകോടതി ഉത്തരവ്. പുനഃപരിശോധന ഹരജിയും തള്ളി. തുടർന്ന് നൽകിയ പരിഹാര ഹരജികളിലാണ് ഇപ്പോൾ 2013ലെ വിധി സുപ്രീംകോടതി അസാധുവാക്കിയത്.
377ാം വകുപ്പ് റദ്ദാക്കുന്നതിനെതിരെ അപസ്തോലിക് അലയൻസ് ഒാഫ് ചർച്ചസ്, ഉൽക്കൽ ക്രിസ്ത്യൻ അസോസിയേഷൻ, ചില സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഇന്ത്യ സ്വവർഗ ലൈംഗികത കുറ്റമല്ലാതാകുന്ന 26ാമത് രാജ്യം
ന്യൂഡൽഹി: സ്വവർഗ ലൈംഗികത കുറ്റമല്ലാതാക്കിയ സുപ്രീംകോടതി വിധിയോടെ, ഇൗ സ്വാതന്ത്ര്യം നിലനിലനിൽക്കുന്ന 25 രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ചേരുകയാണെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇപ്പോഴും 72ഒാളം രാജ്യങ്ങളിലും മേഖലകളിലും സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാണ്. ചിലയിടങ്ങളിൽ സ്ത്രീകൾ തമ്മിലുള്ള ബന്ധമാണ് കുറ്റകരം.
ഭിന്ന ലൈംഗികതയുള്ളവരുടെ അന്താരാഷ്ട്ര സംഘടനയായ െഎ.എൽ.ജി.എയുടെ കണക്കനുസരിച്ച് സ്വവർഗ ലൈംഗികത എട്ടു രാഷ്ട്രങ്ങളിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പുതിയ കോടതി വിധിയോടെ, ഇന്ത്യ ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള കൊളോണിയൽ നിയമമാണ് റദ്ദുചെയ്യുന്നത്. ഭിന്ന ൈലംഗികതയുള്ളവരുടെ അവകാശങ്ങൾക്കായി വാദിക്കുന്നവർ വർഷങ്ങളായി ഉയർത്തിയ ആവശ്യമാണ് കോടതി വിധിയിലൂടെ സാധ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.